ചിലങ്കയണിഞ്ഞു അരങ്ങുണർത്തിയ അമ്മമാർ
- P N Shaji
- Nov 28, 2025
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അമ്മമാരുടെ ഭരതനാട്യം അരങ്ങേറ്റം നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു. സമീപം (ഇടത്തുനിന്ന്) വിനോദ് കുമാർ കണ്ണൂർ, കാഞ്ചനാ രാജ്, ചിത്ര ഗിരീഷ്, ജ്യോതിലക്ഷ്മി ജയചന്ദ്രൻ, ഡോ നിഷാ റാണി, രാധികാ നായർ, ടോണി കണ്ണമ്പുഴ എന്നിവർ.
ന്യൂ ഡൽഹി: ചിലങ്കയണിഞ്ഞു അരങ്ങുണർത്തിയ മൂന്ന് അമ്മമാർ മയൂർ വിഹാറിലെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഗുരു ഡോ നിഷാ റാണിയുടെ തില്ലാന സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സെന്ററിൽ ഭരതനാട്യം പരിശീലിച്ച ജ്യോതിലക്ഷ്മി ജയചന്ദ്രൻ, ചിത്ര ഗിരീഷ്, കാഞ്ചന രാജ് എന്നിവരാണ് മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയം അരങ്ങേറ്റ വേദിയാക്കി മനവും തനുവും മറന്ന് ഭരതനാട്യം അവതരിപ്പിച്ചത്.

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രശസ്ത സംരംഭകയായ രാധിക നായർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ഗണപതി സ്തുതിയോടുകൂടി ആരംഭിച്ച അരങ്ങേറ്റത്തിൽ അമ്മമാർക്ക് വായ്പ്പാട്ടുമായി വിനോദ് കുമാർ കണ്ണൂരും നട്ടുവാങ്കം ഡോ നിഷാ റാണിയും മൃദംഗത്തിൽ ഗീതേഷ് ഗോപാലകൃഷ്ണനും ഓടക്കുഴലിൽ ശന്തനു കൊട്ടീരിയും പിന്നണിയൊരുക്കി.
ക്ഷേത്ര കലാരൂപമായ 'പടയണി എന്ന വിഷയത്തിലെ പ്രത്യേക പഠനത്തിനു 2005-ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിക്കുകയും നിലവിൽ നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ നൃത്തങ്ങളും കർണാടക സംഗീതവും പഠിപ്പിക്കുകയും ചെയ്യുന്ന പ്രശസ്‌ത സംഗീതജ്ഞയും നർത്തകിയുമായ ഡോ നിഷാ റാണിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ 9 വർഷങ്ങളായി നൃത്തം അഭ്യസിച്ചു വരികയാണ് ഡിഎംഎ ആർ കെ പുരം ഏരിയ നിർവാഹക സമിതി അംഗങ്ങൾ കൂടിയായ ഈ അമ്മമാർ.
എംബ്രോയ്ഡറി, തുന്നൽ, കൃത്രിമ ആഭരണ നിർമ്മാണം, കരകൗശല വസ്തുക്കൾ എന്നിവയിൽ കരവിരുത് തെളിയിച്ചിട്ടുള്ള ജ്യോതിലക്ഷ്മി പരിശീലനം ലഭിച്ച ഒരു നഴ്സറി അധ്യാപികയുമാണ്. കലയോടുള്ള അഭിനിവേശത്താൽ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് നൃത്തത്തിലേക്കു ചുവടു മാറ്റി തില്ലാന സ്‌കൂളിൽ എത്തിയ ചിത്ര ഗിരീഷ്, പ്രയാഗ് സംഗീത് സമിതിയുടെ മൂന്നാം വർഷ ഭരതനാട്യ പരീക്ഷയിൽ വിജയവും നേടി. പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്നു തെളിയിച്ചു കൊണ്ട് രണ്ടാം വർഷ ഭരതനാട്യ പരീക്ഷയിൽ വിജയം നേടുകയും വായനയിലും, ചെറുകഥകളും കവിതകളും എഴുതുന്നതിലും സന്തോഷം കണ്ടെത്തുന്ന കാഞ്ചന രാജ് നല്ലൊരു സംരംഭക കൂടിയാണ്.
ചെറുപ്പം മുതലുള്ള തങ്ങളുടെ മോഹം പൂവണിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും പ്രായം ഒന്നിനും ഒരു തടസമല്ലെന്നും നമ്മുടെ ആഗ്രഹങ്ങൾ സഫലമാക്കുവാനുള്ള കഠിന പ്രയത്നവും ദൃഢനിശ്ചയമാണ് ഈ പ്രായത്തിലും തങ്ങളെ അരങ്ങേറ്റ വേദിയിലെത്തിച്ചതെന്നും അമ്മമാർ പറഞ്ഞു.










Comments