top of page

'കപ്പൽ എത്തുമ്പോൾ ഉയരുന്ന ഭീമൻ ലിഫ്റ്റ്'; ഇത് അതിശയിപ്പിക്കുന്ന പാമ്പൻ പാലം, നിർമാണം അവസാന ഘട്ടത്തിലേക്ക്

  • Writer: VIJOY SHAL
    VIJOY SHAL
  • May 10, 2024
  • 2 min read

പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിൻ്റെ നിർമാണം നിർണായക ഘട്ടത്തിൽ. ജൂൺ മുപ്പതോടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്


ree

ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിൻ്റെ നിർമാണം അവസാന ഘട്ടത്തിൽ. കപ്പൽ എത്തുമ്പോൾ ഉയർത്താനാകുന്ന ഭീമൻ ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന നിർണായക ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ജൂൺ മുപ്പതോടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാണം നടക്കുന്നത്.

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി 2,070 മീറ്റർ (6,790 അടി) നീളമുള്ള ലംബ ലിഫ്റ്റ് കടൽപ്പാലമാണ് പുതിയ പാമ്പൻ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 100 സ്പാനുകളുണ്ടാകും. അതിൽ 99 എണ്ണം 18.3 മീറ്ററും അതിലൊന്ന് 72.5 മീറ്ററുമാണ്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലായിരിക്കും ഇത്.


കടലിലൂടെ 2.08 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിൻ്റെ 331 തൂണുകളും 99 ഗർഡറുകളും സ്ഥാപിച്ചു കഴിഞ്ഞു. 72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുള്ള ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന പ്രവൃത്തിയാണ് ശ്രമകരം. കൂറ്റൻ സ്പാൻ പാലത്തിന് മുകളിലൂടെ രാമേശ്വരം ഭാഗത്തേക്ക് നീക്കുന്നത് തുടരുകയാണ്. ചെറിയ വളവോടെയാണ് പാലം നിർമിച്ചിരിക്കുന്നത്. അതിനാൽ വളരെ ശ്രദ്ധിച്ച് വേഗത കുറച്ചാണ് സ്പാൻ നീക്കുന്നത്. ഇത് പൂർത്തിയായാൽ അനുബന്ധമായിട്ടുള്ള മറ്റ് ജോലികൾ അതിവേഗം പൂർത്തിയാകും.

കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി 17 മീറ്റർ ഉയരുന്ന തരത്തിലുള്ള വെർട്ടിക്കൽ ലിഫ്റ്റിങ് പാലമാണ് പാമ്പനിലേത്.


ഇത്തരത്തിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ പാലമാണിത്. പൂർണ്ണമായും ഓട്ടോമേറ്റഡ് ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റം ഉപയോഗിച്ച് നാവിഗേഷൻ സ്പാൻ 17 മീറ്റർ വരെ ഉയരത്തിൽ ഉയർത്താം. നാവിഗേഷൻ സ്പാനിൻ്റെ ഉയർത്തിയ സ്ഥാനത്തുള്ള എയർ ഡ്രാഫ്റ്റ് (ലംബമായ ക്ലിയറൻസ്) റോഡ് ബ്രിഡ്ജിൽ ലഭ്യമായ ലംബമായ ക്ലിയറൻസിന് തുല്യമായിരിക്കും. ഇത് വലിയ കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കും.



വലിയ കപ്പലുകൾക്കും ബോട്ടുകൾക്കും കടന്നുപോകാൻ സാധിക്കുന്ന തരത്തിലുള്ള ആധുനിക പാലമായിരിക്കും പുതിയ പാമ്പൻ പാലം. ആധുനിക എൻജിനീയറിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പാലം പൂർത്തിയാകുന്നതോടെ പ്രാദേശിക ഗതാഗതത്തിനും സാമ്പത്തിക വികസനത്തിനും ഉത്തേജനം നൽകും. പുതിയ പാലത്തിലൂടെ ട്രെയിനുകൾക്ക് വേഗതയിൽ കടന്നുപോകാനാകും. കൂടുതൽ ഭാരം വഹിക്കാനും പാലത്തിനാകും. രാമേശ്വരം, ധനുഷ്കോടി ക്ഷേത്രങ്ങളിലേക്കുള്ള ഗതാഗതം വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പുതിയ പാലം. ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഗർഡറിൻ്റെ നിർമാണം പൂർത്തിയായി വരികയാണെന്നും റെയിൽവേ മുൻപ് അറിയിച്ചിരുന്നു.


തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാമ്പൻ പാലം രാമേശ്വരം ദ്വീപിനെ ബന്ധിപ്പിക്കുന്നതാണ്. 2019ലാണ് പുതിയ പാലം നിർമിക്കാനുള്ള നീക്കം ആരംഭിച്ചത്. 2.08 കിലോ മീറ്റർ നീളം വരുന്ന പാലത്തിൻ്റെ പ്രതീക്ഷിക്കുന്ന നിർമാണ ചെലവ് 550 കോടിയാണ്. അപകട സാധ്യതയെത്തുടർന്ന് പഴയ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം 2022 ഡിസംബർ 23 മുതൽ നിർത്തിവച്ചിരിക്കുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page