ക്രിസ്മസ് ആശംസകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 24, 2024
- 1 min read

ഫാ.തോമസ് തോപ്പുറത്ത്
സെൻ പീറ്റേഴ്സ് ചർച്ച്, ആർ. കെ. പുരം, ന്യൂ ഡൽഹി.
ലോകം മുഴുവൻ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ ദിനം ആഘോഷിക്കുകയാണ്. അലങ്കരിച്ച പുൽക്കൂടുകളും, ഭവനങ്ങളിലും ഇടവഴികളിലും തൂക്കിയിട്ടിരിക്കുന്ന വർണാഭമായ നക്ഷത്രങ്ങളും ബാന്റിന്റെ അകമ്പടിയോടെ കേൾക്കുന്ന ശ്രുതി മധുരമായ കരോൾ ഗാനങ്ങളും ഉണ്ണി യേശുവിൻറെ തിരുപ്പിറവിയുടെ ഓർമ്മ നമ്മിലേക്ക് കൊണ്ടുവരികയാണ്.
അനേക വർഷങ്ങളായി ഇസ്രായേൽജനം തങ്ങളുടെ വിമോചനത്തിനായി ദൈവമായ കർത്താവ് വാഗ്ദാനം ചെയ്ത രക്ഷകനെ കാത്തിരിക്കുകയായിരുന്നു. പഴയ നിയമത്തിൽ കാണുന്ന, അയക്കപ്പെടുന്ന രക്ഷകനെ കുറിച്ചുള്ള സന്ദേശം പ്രവചനങ്ങളുടെ പൂർത്തീകരണമായി ദൈവദൂതനായ ഗബ്രിയൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെയും ആട്ടിടയന്മാരെയും ജ്ഞാനികളെയും അറിയിക്കുകയാണ്. “ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. (മത്തായി 1 : 23)

ഉണ്ണിയേശുവിൻ്റെ ജനനം പുൽത്തൊട്ടിയിൽ ആയിരുന്നു. കാലികൾ തങ്ങൾക്ക് ആഹാരം കണ്ടെത്തിയിരുന്ന പുൽത്തൊട്ടിയിൽ വന്ന് പിറന്ന ഈശോ, “ഞാൻ ജീവന്‍റെ അപ്പമാണ്(യോഹ 6 : 35)” എന്ന് അരുളി ചെയ്യുമ്പോൾ, സകലർക്കും ജീവൻ്റെ ആഹാരമായി മാറുമ്പോൾ അവിടുത്തെ മനുഷ്യാവതാര രഹസ്യം ജനനത്തിലൂടെ തന്നെ വെളിപ്പെടുകയാണ്.
ബെത്ലെഹേമിൽ ആണ് ഈശോയുടെ ജനനം. ബെത്ലെഹേം എന്ന വാക്കിൻറെ അർത്ഥം അപ്പത്തിന്റെ ഭവനം എന്നാണ്. എല്ലാവർക്കും ജീവൻറെ അപ്പം ആകാൻ വന്നവൻ വന്നു പിറക്കുന്നത് ബെത്ലെഹേമിൽതന്നെ എന്നുള്ളത് എത്രയോ അർത്ഥസമ്പുഷ്ടമായ പ്രവാചക സന്ദേശത്തിൻ്റെ പൂർത്തീകരണമാണ്.ഈശോ പറയുന്നു: സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്.(യോഹ 6 : 51)
ദൈവ സ്നേഹത്തിൻറെ സന്ദേശമാണ് ഓരോ ക്രിസ്തുമസും നമുക്ക് നൽകുന്നത്. നമ്മോടുള്ള സ്നേഹത്തെപ്രതി അവിടുന്ന് നമ്മിൽ ഒരുവൻ ആകുന്നു. “ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ചു (ഫിലിപ്പി 2 : 6-7)”’. സ്നേഹത്തിൻറെ മഹനീയ മാതൃക ഇതിനേക്കാൾ സവിശേഷമായി ദൈവത്തിനു പോലും പ്രകടിപ്പിക്കാൻ ഇല്ല. അത്രമാത്രം ശൂന്യവൽക്കരണം നടത്തിയ അവിടുന്ന് നമ്മോടും പറയുന്നു: “ഇതാണ് എന്‍റെ കല്‍പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. (യോഹ15 : 12)”
ഈ ക്രിസ്തുമസ് കാലത്ത് ഹാപ്പി ക്രിസ്മസ് ആശംസകൾ നേരുന്നതോടൊപ്പം പരസ്പര ബന്ധങ്ങൾ കൂടുതൽ സ്നേഹോഷ്മളമാക്കാം. അങ്ങനെ പുൽക്കൂട്ടിലെ ഉണ്ണീശോ നമ്മുടെ ഹൃദയത്തിൽ വന്ന് പിറക്കട്ടെ. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.
സ്നേഹപൂർവ്വം
ഫാ.തോമസ് തോപ്പുറത്ത്











Comments