top of page

കേജരിവാളിന് ഇടക്കാല ജാമ്യം; രാജി ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീം കോടതി

  • പി. വി ജോസഫ്
  • Jul 12, 2024
  • 1 min read


ree

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തെ തുടർന്ന് എൻഫോഴ്‌സ്‍മെന്‍റ് ഡയറക്‌ടറേറ്റ് കഴിഞ്ഞ മാർച്ചിലാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇതേ കേസിൽ CBI യും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ജാമ്യം കിട്ടിയെങ്കിലും അദ്ദേഹം ജയിലിൽ തുടരും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജി അവർ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു.


കേജരിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തെ പരാമർശിക്കവെ, അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും, രാജി വെക്കണമെന്ന് പറയാൻ കോടതിക്കാകില്ലെന്നും ജസ്റ്റിസ് ദീപങ്കർ ദത്ത പറഞ്ഞു. അക്കാര്യത്തിൽ കേജരിവാളിന് സ്വയം യുക്തമായ തീരുമാനം എടുക്കാം. മാർച്ചിൽ അറസ്റ്റ് ചെയ്തതു മുതൽ കേജരിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഭാരതീയ ജനതാ പാർട്ടി ഉന്നയിക്കുന്നുണ്ട്. രാജി വെക്കില്ലെന്ന തീരുമാനം താൻ മനഃപ്പൂർവ്വം എടുത്തതാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ താൽക്കാലിക ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ കേജരിവാൾ വ്യക്തമാക്കിയിരുന്നു. താൻ രാജിവെച്ചാൽ അതൊരു കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നും, പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാരെ ടാർഗറ്റ് ചെയ്യാൻ അത് ഇടയാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page