കംഗണയുടെ കഫെ നാളെ തുറക്കും; കോൺഗ്രസിന്‍റെ ആശംസക്ക് കമന്‍റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 13
- 1 min read

ബോളിവുഡ് നടിയും BJP MP യുമായ കംഗണ റണൗട്ടിന്‍റെ വെജ് കഫെ പ്രവർത്തന സജ്ജം. വാലന്‍റൈൻസ് ഡേ ആയ നാളെയാണ് ഹിമാചൽ പ്രദേശിലെ മനാലിയിൽ കട തുറക്കുക. മൗണ്ടെൻ സ്റ്റോറി കഫെ തന്‍റെ ദീർഘകാലമായ അഭിലാഷത്തിന്‍റ സാക്ഷാൽക്കാരമാണെന്നാണ് കംഗണ പറയുന്നത്. ആരാധകരുടെയും അഭ്യുദയ കാംക്ഷികളുടെയും അഭിന്ദനത്തിനിടയിൽ എതിർ പാർട്ടിയായ കോൺഗ്രസിന്‍റെ ആശംസ വേറിട്ടു നിന്നു. കോൺഗ്രസിന്‍റെ കേരള ഘടകമാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ അഭിനന്ദനം അറിയിച്ചത്. എല്ലാ ടൂറിസ്റ്റുകൾക്കും രുചികരമായ എല്ലാ ഹിമാചലി വെജ് വിഭവങ്ങളും ഒരുക്കണമെന്ന നിർദ്ദേശവും കോൺഗ്രസിന്‍റെ ആശംസയിലുണ്ട്. എന്നാൽ ഈ ആശംസ കോൺഗ്രസ് അനുഭാവികൾക്ക് അത്ര രുചിച്ചിട്ടില്ല. പലരും വിമർശന കമന്‍റുകളാണ് ഇടുന്നത്. ഏതോ സ്‌കൂൾ വിദ്യാർത്ഥി ലഞ്ച് ബ്രേക്കിന് ഇട്ട പോസ്റ്റ് പോലുണ്ടെന്നാണ് ഒരാളുടെ കമന്‍റ്. കോൺഗ്രസിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാമെന്ന് ഒരാൾ സംശയം പ്രകടിപ്പിച്ചു.
കോൺഗ്രസിനെയും അതിന്‍റെ നേതാക്കളെയും നിശിതമായി വിമർശക്കുന്നതിൽ പിശുക്ക് കാട്ടാത്ത BJP നേതാവാണ് കംഗണ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് കംഗണ വിജയിച്ചത്.
Commenti