എടത്വാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് നളെ കൊടിയേറ്റം
- റെജി നെല്ലിക്കുന്നത്ത്
- Apr 27, 2024
- 2 min read
എടത്വ: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് നാളെ ഏപ്രിൽ 27 ന് കൊടിയേറ്റം. പുലർച്ചെ 5.45 ന് മധ്യസ്ഥ പ്രാർത്ഥന ഉണ്ടായിരിക്കും. രാവിലെ 7.30 ന് നടക്കുന്ന തിരുക്കർമ്മങ്ങളിൽ വെരി. റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ കാർമ്മികത്വം വഹിക്കും. പ്രധാന തിരുനാൾ മെയ് 7 ചൊവ്വാഴ്ച്ചയാണ്. മെയ് 14 വരെ നീളുന്ന തിരുനാൾ എട്ടാമിടത്തോടെ സമാപിക്കും.
തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തജനങ്ങൾ ധാരാളമായി എത്തുന്നതിനാൽ തമിഴിലും പ്രാർത്ഥനാ കർമ്മങ്ങൾ നടത്താറുണ്ട്. കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഈ തിരുനാളിന് എത്താറുണ്ട്. ഏപ്രിൽ 28 മുതൽ മെയ് 7 വരെ എല്ലാ ദിവസവും പുലർച്ചെ 4.30 ന് തമിഴ് കുർബ്ബാന ഉണ്ടായിരിക്കും. മെയ് 3 ന് രാവിലെ 7.30 ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പള്ളിയുടെ പ്രധാനകവാടത്തില്‍ സ്ഥാപിക്കുന്നതോടെ പെരുന്നാളിന് തിരക്കേറും.
പ്രധാന തിരുനാൾ ദിനം വൈകിട്ട് നാലിനാണ് ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം. വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പള്ളിക്ക് വലംവെക്കുന്ന പ്രദക്ഷിണത്തിൽ മലയാളികൾക്ക് പുറമെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരും ഭക്തിനിർഭരമായി പങ്കെടുക്കും.
അഞ്ചിനു രാവിലെ 7.45 ന് സിറോ മലബാര്‍ സഭ എമിരിറ്റസ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലും ആറിനു രാവിലെ 5.45 ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ കാര്‍മികത്വത്തിലും മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. ആറിനു വൈകുന്നേരം അഞ്ചിന് ചെറിയരൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം. പ്രധാന തിരുനാള്‍ദിനമായ ഏഴിനു രാവിലെ ഒന്‍പതിന് കോട്ടാര്‍ രൂപത എമിരിറ്റസ് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ റെമിജിയൂസിന്റെ കാര്‍മികത്വത്തില്‍ തമിഴ് വിശുദ്ധ കുര്‍ബാന. 10.30 ന് തക്കല രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എസ്.ഡി.വി.യുടെ കാര്‍മികത്വത്തില്‍ തമിഴ് സിറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധകുര്‍ബാന. ഉച്ചയ്ക്ക് 12 ന് ചങ്ങനാശ്ശേരി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിന്‍റെ കാര്‍മികത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. മൂന്നിന് തമിഴ് തിരുനാള്‍ കുര്‍ബാന. കുഴിത്തുറൈ രൂപത ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് അനസ്താസ് കാര്‍മികത്വം വഹിക്കും. നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം. ഫാ. ജോസഫ് ചോരോട്ട് കാര്‍മികത്വം വഹിക്കും.
ഏഴിനു വിശുദ്ധനെ വണങ്ങി അരി, മലര്‍, ഉപ്പ്, നല്ലമുളക്, കഴിനൂല്‍ എന്നീ നേര്‍ച്ചകള്‍ സ്വീകരിച്ച് തമിഴ്നാട്ടുകാര്‍ മടങ്ങുമ്പോള്‍ നാട്ടുകാരുടെ പെരുന്നാള്‍ തുടങ്ങും. 14 ന് ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശ്ശേരി അതിരൂപത ചാന്‍സലര്‍ ഫാ. ഐസക് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്. വൈകുന്നേരം നാലിന് കുരിശടിയിലേക്ക് പ്രദക്ഷിണവും കൊടിയിറക്കവും. രാത്രി 9.30 ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം തിരുനടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും. അഞ്ച്, ആറ്, തീയതികളില്‍ തീര്‍ഥാടകര്‍ക്ക് നേര്‍ച്ചഭക്ഷണവും നല്‍കും.
🙏