ഉടമസ്ഥനെ ഫോളോ ചെയ്ത് എരുമയുടെ തർക്കപരിഹാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 6, 2024
- 1 min read

എരുമയെക്കുറിച്ചുള്ള തർക്കം പരിഹരിക്കാൻ പഞ്ചായത്തും പോലീസും പരാജയപ്പെട്ടിടത്ത് എരുമതന്നെ പ്രശ്നം പരിഹരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്‍ഗഢിലാണ് സംഭവം. മഹേഷ്‍ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമനിവാസിയായ നന്ദ്‍ലാൽ സരോജ് എന്ന കർഷകന്‍റെ എരുമയെ കാണാതായി. പല സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മേഞ്ഞു നടന്ന എരുമ അയൽ ഗ്രമാത്തിലെത്തിയപ്പോൾ ഹനുമാൻ സരോജ് എന്നയാൾ അതിനെ സ്വന്തം തൊഴുത്തിൽ കെട്ടി. എരുമയെ നന്ദ്ലാൽ അവിടെ കണ്ടെത്തിയെങ്കിലും ഹനുമാൻ അതിനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് പരാതി പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് ഇരുവരെയും വിളിച്ചു വരുത്തിയെങ്കിലും എരുമയുടെ യഥാർത്ഥ ഉടമസ്ഥൻ ആരാണെന്ന തർക്കത്തിന് പരിഹാരം കാണുക ദുഷ്ക്കരമായി. അപ്പോഴാണ് SHO ശ്രാവൺ കുമാർ സിംഗിന് പുതിയൊരു ഐഡിയ തോന്നിയത്. ഗ്രാമപാതയിൽ എരുമയെ അഴിച്ചു വിട്ട് തർക്കത്തിൽ ഉൾപ്പെട്ട രണ്ട് പേരും മുന്നിൽ നടക്കാൻ പോലീസ് ആവശ്യപ്പെട്ടു. നന്ദ്‍ലാൽ സ്വന്തം വീട്ടിലേക്കുള്ള വഴിയിലേക്ക് കടന്നപ്പോൾ എരുമ അയാളുടെ പിന്നാലെ പോയി. അതോടെ പോലീസിനും ഗ്രാമവാസികൾക്കും സത്യം ബോധ്യപ്പെട്ടു. എരുമയെ യഥാർത്ഥ ഉടമക്ക് പോലീസ് വിട്ടുകൊടുത്തു. മറ്റേയാൾ ഗ്രാമീണരുടെ മുന്നിൽ നാണംകെട്ട് പോലീസിന്‍റെ ശകാരം ഏറ്റുവാങ്ങി സ്ഥലം വിട്ടു.










Comments