ഇൻഡിഗോയുടെ എയർ ടാക്‌സി സർവ്വീസ് 2026 ൽ ആരംഭിക്കും
- പി. വി ജോസഫ്
- Apr 20, 2024
- 1 min read

New Delhi: ഡൽഹി-ഗുരുഗ്രാം ഇലക്‌ട്രിക് എയർ ടാക്‌സി സർവ്വീസ് 2026 ൽ തുടങ്ങാൻ ഇൻഡിഗോ പദ്ധതി ഒരുക്കുന്നു. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്‍റർഗ്ലോബ് എന്‍റർപ്രൈസസും, അമേരിക്ക ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും തമ്മിലുള്ള സംയുക്ത സംരംഭമാണ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇരു കമ്പനികളും ഇതുസംബന്ധിച്ച ധാരണാപത്രം ന്യൂഡൽഹിയിൽ ഒപ്പുവെച്ചു.
കോനോട്ട് പ്ലേസിൽ നിന്ന് ഗുരുഗ്രാമിലേക്ക് 7 മിനിട്ടു കൊണ്ട് എത്തുന്ന ഇലക്‌ട്രിക് എയർ ടാക്‌സിയിൽ പൈലറ്റിന് പുറമെ നാല് പേർക്കാണ് ഇരിക്കാവുന്നത്. 2000 രൂപ മുതൽ 3000 രൂപ വരെ ആയിരിക്കും ടിക്കറ്റ് നിരക്കെന്ന് ആർച്ചർ ഏവിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഡൽഹിക്ക് പുറമെ മുംബൈയിലും ബാംഗ്ലൂരിലും എയർ ടാക്‌സി സർവ്വീസ് തുടങ്ങും. ഹെലിക്കോപ്‍ടറിന് സമാനമായ പ്രവർത്തനമാണെങ്കിലും ശബ്‍ദത്തിന്‍റെ തോത് കുറവായിരിക്കും, സുരക്ഷാ സംവിധാനം മെച്ചവുമാണ്.
ഇലക്‌ട്രിക്ക് വെർട്ടിക്കൽ ടേക്കോഫ് ആന്‍റ് ലാൻഡിംഗ് (eVTOL) എയർക്രാഫ്റ്റാണ് ഇതിനായി ഉപയോഗിക്കുക. ആർച്ചർ ഏവിയേഷൻ 200 എയർക്രാഫ്റ്റുകൾ സപ്ലൈ ചെയ്യും. ഇതിനായുള്ള സർട്ടിഫിക്കേഷൻ പ്രോസസ് പുരോഗമിക്കുകയാണെന്നും, അമേരിക്കൻ റഗുലേറ്ററായ ഫെഡറൽ ഏവിയേഷൻ അഡ്‍മിനിസ്ട്രേഷനുമായി (FAA) ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ആർച്ചർ ഏവിയേഷൻ സ്ഥാപകനും CEO യുമായ ആഡം ഗോൾഡ്‍സ്റ്റെയിൻ പറഞ്ഞു. അടുത്ത വർഷത്തോടെ പ്രോസസ് പൂർത്തിയായാൽ ഇന്ത്യയിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ സർട്ടിഫിക്കേഷനുള്ള നടപടികൾ ആരംഭിക്കും.










Comments