ഇ.എസ്.ഐ. സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അടിയന്തരമായ മെച്ചപ്പെടുത്തൽ : മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽമന്ത്രിയ്ക്ക് നിവേദനം നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 12
- 2 min read

കേരളത്തിലെ ഇ.എസ്.ഐ സേവനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകി. ഇ.എസ്.ഐ. ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിർണായക ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
1. ഇ.എസ്.ഐ. സീലിംഗ് പരിധി വർദ്ധിപ്പിക്കുക
ഓരോ ഇൻഷ്വർ ചെയ്ത വ്യക്തിക്കും നിലവിൽ അനുവദിച്ചിട്ടുള്ള ചെലവ് പരിധി 3,000 രൂപയിൽ നിന്ന് കുറഞ്ഞത് 4,000 രൂപ ആയി ഉയർത്തണം. ഇത് സംബന്ധിച്ച ശുപാർശ നേരത്തെ ഇ.എസ്.ഐ.സി. ഡയറക്ടർ ജനറലിന് സമർപ്പിച്ചിരുന്നു.
2. സ്പെഷ്യലിസ്റ്റ് ചികിത്സകൾ സ്വകാര്യ ആശുപത്രികളിലും തുടരണം
ആശ്രമം, ഏഴുകോൺ, ഉദ്യോഗമണ്ഡൽ തുടങ്ങിയ ഇ.എസ്.ഐ. ആശുപത്രികളിൽ ലഭ്യമല്ലാത്ത സ്പെഷ്യാലിറ്റി ചികിത്സകൾ നേരത്തെ ഇ.എസ്.ഐ.സി.യുടെ എംപാനൽഡ് സ്വകാര്യ ആശുപത്രികൾ വഴിയാണ് ലഭ്യമാക്കിയിരുന്നത്. നിലവിൽ ഇത് സർക്കാർ മെഡിക്കൽ കോളേജുകൾ വഴി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇ.എസ്.ഐ. ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ, എംപാനൽഡ് സ്വകാര്യ ആശുപത്രികൾ വഴിയുള്ള സ്പെഷ്യാലിറ്റി ചികിത്സകൾ തുടർന്നും നൽകാൻ നടപടിയെടുക്കണം.
3. അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് സാമ്പത്തിക സഹായം
ഇ.എസ്.ഐ.സി.യുടെ കോമൺ സപ്പോർട്ട് മിഷൻ ശുപാർശ ചെയ്തതനുസരിച്ച് സംസ്ഥാനത്തെ 9 ഇ.എസ്.ഐ. ആശുപത്രികളിലായി 664 അധിക തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഇ.എസ്.ഐ.സി. ആസ്ഥാന തലത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.
4. 'ധന്വന്തരി' സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തണം
'ധന്വന്തരി' സോഫ്റ്റ്‌വെയറിന്റെ ഡാഷ്‌ബോർഡ് ആറുമാസത്തിലൊരിക്കൽ അപ്ഡേറ്റ് ചെയ്ത് ഓരോ ഡിസ്‌പെൻസറിയിലുമുള്ള ഇൻഷ്വർ ചെയ്ത വ്യക്തികളുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തണം.
സോഫ്റ്റ്‌വെയറിന്റെ വേഗത വർദ്ധിപ്പിക്കാനും എല്ലാ സ്ഥാപനങ്ങളിലും ആവശ്യമായ ഹാർഡ്‌വെയർ നൽകാനും ഫാർമസി മൊഡ്യൂളിന്റെ പൂർണ്ണമായ പ്രവർത്തനക്ഷമത ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണം.
5. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ
147 ഇ.എസ്.ഐ. ഡിസ്‌പെൻസറികളിൽ 96 എണ്ണവും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണികൾ എളുപ്പമാക്കുന്നതിനായി ഇവയെല്ലാം ഇ.എസ്.ഐ.സി.യുടെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ഇ.എസ്.ഐ.സി.യുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കും ക്വാർട്ടേഴ്സുകൾക്കും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണ്. അറ്റകുറ്റപ്പണി ജോലികൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ ഇ.എസ്.ഐ.സി.യും സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിടാൻ നടപടിയെടുക്കണം. കൊല്ലം പട്ടത്താനത്തുള്ള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കെട്ടിടം തകർച്ചയിലാണ്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
6. നെഫ്രോളജിയും യൂറോളജിയും PIP പോളിസിയിൽ ഉൾപ്പെടുത്തുക
ഇ.എസ്.ഐ.സി.യുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്ലാൻ പോളിസിയിൽ നിലവിൽ കാർഡിയോളജി, ഓങ്കോളജി സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകൾക്ക് മാത്രമാണ് ഉപകരണങ്ങൾ വാങ്ങാൻ വ്യവസ്ഥയുള്ളത്. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ നെഫ്രോളജി, യൂറോളജി പി.ജി. യോഗ്യതയുള്ള സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഈ രണ്ട് ഡിപ്പാർട്ട്‌മെന്റുകളെയും PIP പോളിസിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇ.എസ്.ഐ. ഗുണഭോക്താക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഈ വിഷയങ്ങളിൽ കേന്ദ്രമന്ത്രിയുടെ അടിയന്തരമായ പരിഗണനയും ഇടപെടലും വി ശിവൻകുട്ടി നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.










Comments