അസംബ്ലി തിരഞ്ഞെടുപ്പിൽ ആം ആദ്‍മി പാർട്ടിയെ സിസോദിയ നയിക്കും
- പി. വി ജോസഫ്
- Aug 11, 2024
- 1 min read

അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആം ആദ്‍മി പാർട്ടിയെ മനീഷ് സിസോദിയ നയിക്കും. അരവിന്ദ് കേജരിവാൾ ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് പാർട്ടിയിലെ രണ്ടാമനായ സിസോദിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല ഏറ്റെടുക്കുന്നത്. ഡൽഹിയിൽ അസംബ്ലി തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യത്തോടെ ആണെങ്കിലും ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഈ വർഷം ഒക്‌ടോബറിലോ അതിന് മുമ്പോ നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 3 വരെയാണ്. ആകെയുള്ള 90 സീറ്റുകളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആം ആദ്‍മി പാർട്ടി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലും ഡൽഹിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പാട്ടിയുടെ ചുക്കാൻ പിടിക്കുക സിസോദിയ ആയിരിക്കും.
മദ്യനയ അഴിമതിക്കേസിൽ 17 മാസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സിസോദിയ ജാമ്യം നേടി മോചിതനായത്. പ്രത്യേകിച്ചും ഡൽഹിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിസോദിയയുടെ നേതൃത്വം പാർട്ടിക്ക് കരുത്താകുമെന്നും, ഇതിനു മുമ്പത്തെ രണ്ട് തിരഞ്ഞെടുപ്പുകളിൽ കൈവരിച്ച തകർപ്പൻ വിജയം നേടാൻ കഴിയുമെന്നുമാണ് പാർട്ടി നേതാക്കളുടെയും അണികളുടെയും വിശ്വാസം. ഡൽഹി അസംബ്ലിയിലെ ആകെയുള്ള 70 സീറ്റുകളിൽ 2015 ൽ 67 ഉം, 2020 ൽ 62 ഉം സീറ്റുകൾ നേടി മിന്നുന്ന പെർഫോമൻസാണ് ആം ആദ്‍മി പാർട്ടി കാഴ്ച്ചവെച്ചത്.










Comments