അതിജീവിത"യുടെ വിധി; "പീഡകൻ" അനുഭവിച്ച അതേ ശിക്ഷ വിധിച്ച് കോടതി!
- പി. വി ജോസഫ്
- May 8, 2024
- 1 min read

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് ബോധ്യമായ കോടതി പരാതിക്കാരിക്ക് ജയിൽ ശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബറേയ്‌ലി അഡീഷണൽ ജില്ലാ കോടതിയാണ് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ലാണ് ബറേയ്‌ലിയിലെ ഒരു പതിനഞ്ചുകാരി പരാതിയുമായി കോടതിയെ സമീപിച്ചത്. ഡൽഹിയിലേക്ക് തട്ടിക്കൊണ്ടു പോയെന്നും, റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി. തുടർന്ന് രാഘവ് എന്ന 21 കാരനെ പോലീസ് പിടികൂടി ജയിലിലടച്ചു. നാലര വർഷത്തിന് ശേഷം വിചാരണ തുടങ്ങിയപ്പോൾ പരാതിക്കാരി സത്യം തുറന്നു പറഞ്ഞു. തട്ടിക്കൊണ്ടുപോകുകയോ പീഡിപ്പിക്കുകയോ ചെയ്തില്ലെന്ന് വ്യക്തമായി. വ്യാജ പരാതിയിൽ രാഘവ് എന്ന ചെറുപ്പക്കാരൻ നാല് വർഷവും അഞ്ച് മാസവും ജയിലിൽ കഴിഞ്ഞു. കള്ളക്കേസ് നൽകിയ യുവതിയെ കൃത്യം അത്രയും കാലത്തേക്ക് ജയിലിൽ അടയ്ക്കാനാണ് കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. നാലര വർഷം കൊണ്ട് ഈ ചെറുപ്പക്കാരൻ ജോലി ചെയ്ത് നേടുമായിരുന്ന വരുമാനം 5,88,000 രൂപ വരുമെന്ന് കോടതി കണക്കാക്കി. അത്രയും തുക പിഴയായി നൽകാനും കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വ്യാജ പീഡന കേസുകളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരസ്പ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ ബ്രേക്കപ്പ് ആകുന്നതോടെ ബലാത്സംഗമായി ചിത്രീകരിക്കപ്പെടുന്നു. പുരുഷന്‍റെ ജീവിതാന്തസും ജീവിതമാർഗ്ഗവും തകർക്കുന്ന വൈരാഗ്യമായി അത് മാറുന്ന സംഭവങ്ങൾ ഏറെയാണ്.
സ്ത്രീകൾ നൽകുന്ന പരാതികളിന്മേൽ സർക്കാരും കോടതികളും കർശന നടപടികൾ എടുക്കാറുണ്ടെന്നും, എന്നാൽ ചില സ്ത്രീകൾ നിയമ പരിഗണന മുതലെടുക്കാൻ മനഃപ്പൂർവ്വം ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.










Comments