HMPV ഇന്ത്യയിലും; ബെംഗളൂരുവിൽ രണ്ട് ശിശുക്കൾക്ക് രോഗം സ്ഥിരീകരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 6
- 1 min read

ബെംഗളൂരുവിൽ എട്ട് മാസവും മൂന്ന് മാസവും പ്രായമായ രണ്ട് ശിശുക്കൾക്ക് ഹ്യൂമൻ മെറ്റാന്യുമോവൈറസ് (HMPV) ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ ഒരു ശിശുവിന് ചികിത്സ നൽകി ഡിസ്ച്ചാർജ്ജ് ചെയ്തു. ചൈനയിൽ വ്യാപകമായി പടരുന്നതായി സംശയിക്കുന്ന ഈ രോഗം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ശ്വാസകോശത്തെയും ശ്വാസനാളത്തെയും ബാധിക്കുന്ന വൈറസാണ് HMPV. കൊച്ചുകുഞ്ഞുങ്ങൾക്കും പ്രായമായവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമാണ് റിസ്ക്ക് കൂടുതൽ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിയ്ക്കുന്ന സ്രവത്തിലൂടെയാണ് വൈറസ് പകരുക. തീവ്രത കുറഞ്ഞ പനി, ചുമ, കഫക്കെട്ട്, ശ്വസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. മിക്ക കേസുകൾക്കും ആശുപത്രിയിൽ അഡ്‍മിറ്റ് ചെയ്യേണ്ടി വരില്ല. എന്നാൽ തീവ്രമായാൽ അത് ന്യുമോണിയക്ക് കാരണമാകും, അടിയന്തര മെഡിക്കൽ സഹായം തേടേണ്ടിവരും.
ഡൽഹിയിൽ HMPV തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹെൽത്ത് സർവ്വീസ് ഡയറക്‌ടർ ജനറൽ ഡോ. വന്ദന ബഗ്ഗ ഇന്നലെ ചീഫ് ഡിസ്ട്രിക്‌ട് മെഡിക്കൽ ഓഫീസർമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ശ്വാസ സംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. മിക്ക കേസുകളിലും രോഗം സാധാരണ മരുന്നുകൊണ്ട് മാറുമെന്നും, ഗുരുതരമല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും സർ ഗംഗാറാം ഹോസ്പ്പിറ്റലിലെ പീഡിയാട്രീഷ്യൻ ഡോ. സുരേഷ് ഗുപ്‍ത പറഞ്ഞു.


Comentários