top of page

സീറ്റ് വിഭജനത്തിൽ തർക്കം തുടരുന്നു:മൂന്ന് സീറ്റുകളിൽ കോൺഗ്രസ് കേരള കോൺഗ്രസ് അനിശ്ചിതത്വം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 days ago
  • 1 min read

​​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. ഏറ്റുമാനൂർ, കുട്ടനാട് എന്നീ സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് നിലവിൽ ചർച്ചകളെ വഴിമുട്ടിച്ചിരിക്കുന്നത്. ഇടുക്കി, തൃക്കരിപ്പൂർ എന്നീ സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചുവെങ്കിലും, വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് സീറ്റുകൾ വേണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടുനൽകാൻ കേരള കോൺഗ്രസിനെ സമ്മതിപ്പിക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്.


​ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാട്ടകം സുരേഷ്, ജി. ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന കൽപ്പിക്കുന്നത്. കുട്ടനാട്ടിൽ അനിൽ ബോസ്, ഡോ. സിമ്മി റോസ് ജോസഫ്, സജി ജോസഫ് എന്നിവരെയും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നുണ്ട്.


​കുട്ടനാടിന്റെ കാര്യത്തിൽ പ്രാദേശികമായ വികാരം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന വാദം ശക്തമാണ്. അവിടെ നിന്നുള്ള ഒരാൾ തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും, കേരള കോൺഗ്രസ് പരിഗണിക്കുന്ന റെജി ചെറിയാന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.

അതേസമയം, പൂഞ്ഞാർ സീറ്റ് തിരികെ ലഭിക്കുകയാണെങ്കിൽ ഏറ്റുമാനൂർ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായേക്കും. പൂഞ്ഞാറിൽ പി.സി. തോമസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


എങ്കിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതിരിക്കാൻ ഇരു വിഭാഗവും വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നാണ് സൂചന. നടക്കാനിരിക്കുന്ന കോൺഗ്രസ്സിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ സീറ്റിന്റെ കാര്യത്തിൽ ധാരണയാകും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page