വരന്മാർ രണ്ട്, വധു ഒന്ന്; വിവാഹം കെങ്കേമം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 20
- 1 min read

ഹിമാചൽ പ്രദേശിൽ രണ്ട് പുരുഷന്മാർ ചേർന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഹാട്ടി എന്ന ഗോത്ര സമുദായത്തിന്‍റെ ആചാരപ്രകാരമാണ് വിവാഹം നടന്നത്. പ്രദീപ് നേഗിയും കപിൽ നേഗിയും ചേട്ടനും അനിയനുമാണ്. സുനിതാ ചൗഹാൻ എന്ന യുവതിയുമായുള്ള വിവാഹം കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും സമ്മതത്തോടെയും ആശീർവാദത്തോടെയുമാണ് നടന്നത്. ബഹുഭർതൃത്വം ഈ സമുദായത്തിൽ നാട്ടുനടപ്പാണ്. സിർമോർ ജില്ലയിലെ ട്രാൻസ്-ഗിരി എന്ന സ്ഥലത്ത് ജൂലൈ 12 ന് തുടങ്ങിയ ചടങ്ങുകൾ മൂന്ന് ദിവസം നീണ്ടുനിന്നു. നാടോടി നൃത്തങ്ങളും ഗാനങ്ങളും ചടങ്ങുകൾക്ക് പ്രൗഢിയേകി.
ഈ പാരമ്പര്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല വിവാഹ തീരുമാനം എടുത്തതെന്നും സുനിത വ്യക്തമാക്കി. വരന്മാർ ഒരാൾ സർക്കാർ സർവ്വീസിലും മറ്റെയാൾ വിദേശത്തുമാണ് ജോലി ചെയ്യുന്നത്. സമുദായത്തിന്‍റെ പാരമ്പര്യത്തിൽ അഭിമാനമാണെന്നും, തങ്ങൾ യോജിച്ചെടുത്ത തീരുമാനമാണെന്നും ചേട്ടനും അനിയനും അറിയിച്ചു. പരമ്പരാഗത സ്വത്ത് വിഭജിച്ചു പോകാതിരിക്കാനാണ് ഇത്തരമൊരു ആചാരം തുടർന്നു പോരുന്നതെന്ന് സമുദായത്തിലെ മൂപ്പന്‍മാരും പറഞ്ഞു.
Comments