വായു മലിനീകരണം; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 25
- 1 min read

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ദീപാവലി ആഘോഷങ്ങൾ അവസാനിച്ചതോടെ ശ്വാസ സംബന്ധമായ ബുദ്ധുമുട്ടുകളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം 30 ശതമാനം വർധിച്ചു. OPD യിലും എമർജൻസിയിലും എത്തുന്നവരുടെ എണ്ണമാണ് കൂടിയത്. പല അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തുന്ന ഗർഭിണികളുടെ എണ്ണവും കൂടിയിട്ടുണ്ട്. വായു മലിനീകരണത്തോടൊപ്പം, രാത്രി വൈകിയുള്ള ശബ്‍ദ മലിനീകരണവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒക്‌ടോബർ 20 മുതൽ 23 വരെ ആശുപത്രികളിലെത്തിയ എമർജൻസി കേസുകളിൽ ഗണ്യമായ വർധന ഉണ്ടായെന്ന് വിവിധ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകളും പൾമനോളജിസ്റ്റുകളും റിപ്പോർട്ട് ചെയ്തു. ദീപാവലിക്ക് ശേഷമുള്ള വായു നിലവാര തോത് തലസ്ഥാന മേഖലയിലാകെ അപകടകരമായി തുടരുകയാണ്.
അന്തരീക്ഷത്തിൽ പുകയും പൊടിപടലങ്ങളും വിഷ വാതകവും പൊടുന്നനെ നിറഞ്ഞതാണ് ജനങ്ങൾക്ക് വീർപ്പുമുട്ടൽ ഉണ്ടാക്കിയത്. പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികൾക്കുമാണ് ഏറ്റവുമധികം പ്രയാസങ്ങൾ നേരിടേണ്ടി വരുന്നത്. ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ഹൃദ്രോഗികളുമൊക്കെ അന്തരീക്ഷം പൊടുന്നനെ വഷളായതിന്‍റെ കെടുതികൾ അനുഭവിക്കേണ്ടി വരികയാണ്. ആസ്‍ത്‍മ, ബ്രോങ്കൈറ്റിസ് രോഗികൾക്കും കഷ്‍ടതകൾ കൂടി. ഇവരുടെയൊക്കെ പ്രയാസങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സങ്കീർണമായത്.
മലിനീകരണം ഗർഭിണികളെ മാത്രമല്ല, ഗർഭസ്ഥ ശിശുക്കളെയും ഗുരുതരമായി ബാധിക്കുമെന്ന് ഗുരുഗ്രാമിലെ സി.കെ ബിർള ഹോസ്പ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡയറക്‌ടർ ഡോ. ആസ്‍ത ദയാൽ പറഞ്ഞു. ഗർഭിണികൾ കഴിയുന്നതും പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുന്നതാണ് നല്ലതെന്ന് അവർ നിർദേശിച്ചു.










Comments