top of page

പിരീഡ് തെളിയിക്കാൻ പാഡിന്‍റെ ഫോട്ടോ കാണണം; കോടതി ഇടപെടണമെന്ന് ബാർ അസോസിയേഷൻ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 13
  • 1 min read
ree

ന്യൂഡൽഹി: ആർത്തവകാലത്ത് സ്ത്രീകളും പെൺകുട്ടികളും പലവിധത്തിൽ അപമാനിക്കപ്പെടുന്ന സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനികൾക്ക് തങ്ങളുടെ സ്കൂളുകളിലും കോളേജുകളിലും മാത്രമല്ല, പരീക്ഷാ ഹാളുകളിൽ വരെ തുണിയുരിയേണ്ടി വരുന്ന ദുരനുഭവങ്ങൾ വെളിച്ചത്ത് വന്നിട്ടുണ്ട്. സ്ത്രീകളുടെ അന്തസിനും സ്വകാര്യതക്കും നിരക്കാത്ത ഇത്തരം സംഭവങ്ങൾക്കെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) ഹരജി സമർപ്പിച്ചു. ഇക്കാര്യത്തിൽ പരമോന്നത കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.


ഹരജിയിൽ പ്രധാനമായും എടുത്തു പറയുന്നത് ഇയ്യിടെ റോഹ്ത്തക്കിലുണ്ടായ സംഭവമാണ്. മഹർഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയിൽ ഒരു വി.ഐ.പി സന്ദർശനം പ്രമാണിച്ച് ഞായറാഴ്ച്ച ദിവസം ജോലിക്ക് വരണമെന്ന് ശുചീകരണ തൊഴിലാളികളായ മൂന്ന് സ്ത്രീകളോട് അധികൃതർ ആവശ്യപ്പെട്ടു. ആർത്തവത്തിന്‍റേതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ അവരെ അധിക്ഷേപിക്കുക മാത്രമല്ല അപമാനിക്കുകയും ചെയ്ത സംഭവമാണ് അവർ പിന്നീട് വിവരിച്ചത്. ആർത്തവമാണെന്ന് തെളിയിക്കാൻ, ധരിച്ചിരിക്കുന്ന സാനിട്ടറി പാഡിന്‍റെ ഫോട്ടോ എടുത്ത് സമർപ്പിക്കണമെന്ന വിചിത്ര ആവശ്യമാണ് അവർക്ക് നേരിടേണ്ടി വന്നത്. സമ്മർദ്ദം  സഹിക്കാതെ വന്നപ്പോൾ അവർക്ക് ഫോട്ടോയെടുത്ത് നൽകേണ്ടി വന്നു. ഈ സംഭവത്തെക്കുറിച്ച് പൂർണതോതിലുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ബാർ അസോസിയേഷൻ ആവശ്യപ്പെടുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസും സ്വകാര്യതയും സംരക്ഷിക്കാൻ ദേശീയതലത്തിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page