പാടും പാതിരിയുടെ കീർത്തനങ്ങൾ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 6
- 1 min read

പാടും പാതിരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ ഇന്നലെ ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കീർത്തനങ്ങൾ ആലപിച്ചു. ക്ഷേത്ര സമുച്ചയത്തിലെ കാർത്ത്യായനി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുമ്പാകെ ഒക്‌ടോബർ 5 ന് വൈകിട്ട് 7 മണിയോടെയാണ് കച്ചേരി ആരംഭിച്ചത്. ക്ഷേത്രത്തിന്‍റെ ഭരണസമിതി ഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. തുടർന്ന് അദ്ദേഹം ആലപിച്ച കീർത്തനങ്ങളുടെ സംഗീത മാധുരിയിൽ നിറസദസ്സ് ലയിച്ചിരുന്നു.
പ്രൊ. അബ്‍ദുൾ അസീസ് (വയലിൻ), ശ്രീ ഉണ്ണി കേരളവർമ്മ (മൃദംഗം), ശ്രീ മന്നായി എൻ കണ്ണൻ (ഘടം) എന്നിവരുടെ സ്വരലയം കച്ചേരിയെ സംഗീതസാന്ദ്രമാക്കി.

കർണാടക സംഗീതത്തിൽ ലോകത്തിൽ ആദ്യമായി PhD എടുത്ത ക്രിസ്‍ത്യൻ പുരോഹിതനായ ഫാ.പോൾ പൂവത്തിങ്കൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച CMI സഭാംഗമാണ്. ഗാനഗന്ധർവൻ യേശുദാസിന്‍റെയും, ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും ശിഷ്യൻ. ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ് അഥവാ ശബ്ദശാസ്ത്ര വിദഗ്‌ധനാണ്. അമേരിക്കയിലെ കോളംബിയ സർവകലാശാലയിലും, കൊളറാഡോയിലെ നാഷണൽ സെന്‍റർ ഫോർ വോയിസ് ആൻഡ് സ്‍പീച്ച് എന്ന സ്ഥാപനത്തിലും വോക്കോളജിയിൽ ഉപരിപഠനം നടത്തി. ഇന്ത്യയിലെ സുപ്രധാന മസ്തിഷ്ക്ക സംഗീത ചികിത്സാ വിദഗ്‌ധൻ.
ഗ്ലോബൽ മ്യൂസിക് അവാർഡ്, രാഷ്‍ട്രപതിയിൽ നിന്നുള്ള ബഹുമതി, കേന്ദ്ര ഗവർമെന്‍റിന്‍റെ സീനിയർ ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാഡമിയുടെ കലാശ്രീ അവാർഡ്, ട്രിച്ചി കലയ് കാവേരി മ്യൂസിക് അവാർഡ്, കേരള ബിഷപ്പ്‍സ് കോൺഫറൻസ് അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
സാഹോദര്യത്തിന്‍റെയും മതസൗഹാർദ്ദത്തിന്‍റെയും മഹത്തായ സന്ദേശം വിളിച്ചോതുന്നതാണ് അദ്ദേഹത്തിന്‍റെ ഓരോ കച്ചേരിയും.










Comments