നോര്‍ക്കയുടെ ആരോഗ്യ ഇൻഷുറൻസ്: പ്രീമിയം അടയ്ക്കാൻ NSS സഹായം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 24
- 1 min read

പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്ന ഡൽഹിയിലെ NSS അംഗങ്ങൾക്ക്, സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ, പ്രീമിയം തുക NSS നൽകും. ജനറൽ സെക്രട്ടറി എം.ഡി. പ്രകാശാണ് ഇക്കാര്യം അറിയിച്ചത്.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു മക്കൾ) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും.
നിലവില്‍ ഡൽഹിയിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 17000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‍ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെ കാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്.
ഇതിൽ ചേരാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ തന്നെ ഇതിൽ ചേരാവുന്നതാണെന്നുള്ളതിനാൽ ഇപ്പോൾ ചികിത്സയിലുള്ളവർക്കും പ്രയോജനം ലഭിക്കും.
ഓർക്കുക - ഒക്ടോബർ 30 വരെ ആണ് ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അപേക്ഷ സമർപ്പിക്കേണ്ടത്.










Comments