ഡൽഹിയിൽ യമുന ക്രൂയിസ് പ്രോജക്‌ട് ഇനി വൈകില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 23
- 1 min read

തലസ്ഥാന നഗരത്തിന്‍റെ ടൂറിസം രംഗത്ത് പുതിയൊരു അധ്യായം കുറിയ്ക്കുന്ന യമുന ക്രൂയിസ് പ്രോജക്‌ട് ഡൽഹി ഗവൺമെന്‍റ് നവംബർ അവസാന വാരത്തിൽ ലോഞ്ച് ചെയ്യും. നദിയിലെ ജലനിലവാരം ഏറ്റവും മെച്ചപ്പെട്ട സോണിയാ വിഹാറിലെ വസീറാബാദ് ബാരേജ് മുതൽ ജഗത്‍പൂർ വരെയുള്ള ഭാഗമാണ് ക്രൂയിസ് സർവ്വീസിനായി വികസിപ്പിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാന മേഖലയിലെ ഒരു സുപ്രധാന ടൂറിസ്റ്റ് ആകർഷണമായി ഇത് മാറും. തുടക്കത്തിൽ ഒരു ബോട്ട് മാത്രമാണ് സർവ്വീസ് നടത്തുക, 90 പേർക്കാണ് കയറാവുന്നത്.
പ്രോജക്‌ട് ലോഞ്ച് ചെയ്യാനുള്ള സമയം അടുത്തതോടെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന തിരക്കിലാണ് ടൂറിസം ഡിപ്പാർട്ട്‍മെന്‍റ്. വെയ്റ്റിംഗ് ഏരിയയും ടിക്കറ്റ് കൗണ്ടറുകളും അടങ്ങുന്ന ജെട്ടികളുടെ നിർമ്മാണം സോണിയാ വിഹാറിലും ജഗത്‍പൂരിലും അവസാന ഘട്ടത്തിലാണ്. ഓപ്പൺ സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്ന ബോട്ടിൽ റസ്റ്റോറന്‍റും പ്രവർത്തിക്കും. ബോട്ട് യാത്രയും നദീതീര കാഴ്ച്ചകൾക്കും പുറമെ വിവിധ വിഭവങ്ങളുടെ സ്വാദും നുണയാം.
ഡൽഹിയുടെ പരമ്പരാഗത സംഗീത, കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ള ലൈവ് പെർഫോമൻസുകൾ പ്ലാൻ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയാണ് ടിക്കറ്റ് നിരക്കുകൾ നിർണയിക്കുക. ഡൽഹി നിവാസികൾക്കും സന്ദർശകർക്കും പുതിയൊരു അനുഭവത്തിലേക്കുള്ള കവാടമാണ് ഇത് തുറക്കുക.
വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഡൽഹി ഡവലപ്‍മെന്‍റ് അതോറിറ്റി, ഡൽഹി ജൽ ബോർഡ്, ഡൽഹി ടൂറിസം ആന്‍റ് ട്രാന്‍സ്‍പോർട്ട് ഡവലപ്‍മെന്‍റ് കോർപ്പറേഷൻ എന്നിവയാണ് ഈ പ്രോജക്‌ടിലെ പങ്കാളികൾ.










Comments