ഡൽഹിയിലെ വായുകോപം: പരിഹാരത്തിന് മാന്ത്രികവടി ഇല്ലെന്ന് സുപ്രീം കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 28, 2025
- 1 min read

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. നഗരത്തിലെ മുണ്ഡകയിൽ 436 ഉം രോഹിണിയിൽ 432 ഉം ആണ് ഇന്ന് സൂചിക. മലിനീകരണ നിലവാരം നിരീക്ഷിക്കുന്ന 39 സ്റ്റേഷനുകളിൽ 19 എണ്ണത്തിലും 400 ന് മുകളിലാണ് സൂചിക.
അതിനിടെ ഈ വിഷയം ഇന്നലെ സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നു.
പരിഹരിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രികവടി ഇല്ലെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷക അപരാജിത സിങ്ങിന്‍റെ അഭ്യർത്ഥനയോട് പ്രതികരിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മാല ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ച് ഈ പരാമർശം നടത്തിയത്. സുസ്ഥിരമായ പരിഹാരം ഈ രംഗത്തെ വിദഗ്‌ധരും സർക്കാറുമാണ് എടുക്കേണ്ടതെന്നും, കോടതി മുറിയിലല്ല പരിഹാരമെന്നും ബെഞ്ച് വ്യക്തമാക്കി.
ശൈത്യകാലത്ത് മാത്രമാണ് ഈ പ്രശ്നം ഉന്നയിക്കപ്പെടുന്നതെന്നും, ദീപാവലി വരുന്നതോടെ ആചാരം പോലെയാണ് ഇത് പൊന്തിവരുന്നതെന്നും കോടതി പറഞ്ഞു. ശൈത്യകാലം കഴിയുന്നതോടെ ഈ പ്രശ്നം ആരും ഉന്നയിക്കാതെ പോകുകയാണ് ചെയ്യുന്നത്. സ്ഥിരമായ നിരീക്ഷണം ആവശ്യമാണെന്നും, പരമോന്നത കോടതി ഇനി മുതൽ തുടർച്ചയായി ഈ വിഷയം ഏറ്റെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.










Comments