ജനസംസ്കൃതി "വയലാർ സ്മൃതി" സംഘടിപ്പിച്ചു

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ "വയലാർ സ്മൃതി" സംഘടിപ്പിച്ചു. ഒക്ടോബർ 25-ന് ന്യൂഡൽഹി ശ്രീമന്ത് മാധവ്റാവു സിന്ധ്യ മാർഗിലുള്ള കേരള സ്കൂളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ മനോജ് മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി.
തലമുറകൾ ഏറ്റുപാടിയ കവിതകളും സിനിമാ-നാടക ഗാനങ്ങളും അടങ്ങുന്ന വയലാറിന്റെ നിത്യഹരിത സൃഷ്ടികളെക്കുറിച്ചും അദ്ദേഹത്തിന്റെ അതുല്യമായ കലാസപര്യയെക്കുറിച്ചും മനോജ് മേനോൻ അനുസ്മരിച്ചു.
ജനസംസ്കൃതി ജനറൽ സെക്രട്ടറി ബാബുരാജ് പി. എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രസാദ് എ. കെ., ജോയിന്റ് സെക്രട്ടറി സുജാത പി. വി. എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് രതീഷ് കോച്ചേരിയുടെ "വേരറ്റവൻ" എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നിർവ്വഹിച്ചു. വിപ്ലവവീര്യവും പ്രണയവും നിറഞ്ഞുനിൽക്കുന്ന വയലാറിന്റെ അനശ്വര ഗാനങ്ങളുടെ ആലാപനവും പ്രശസ്തമായ കവിതകളുടെ ആവിഷ്കാരവും കോർത്തിണക്കി സംഘടിപ്പിച്ച കലാപരിപാടികൾ "വയലാർ സ്മൃതി"യെ ഏറെ മികവുറ്റതാക്കി. സദസ്സിനെയാകെ ഏകാഗ്രമാക്കി മാറ്റിയ ഈ സാംസ്കാരിക സദസ്സ് തലസ്ഥാനത്തെ മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി.




Comments