ഗാസയിൽ ആശ്വാസം, ആഹ്ളാദം; സമാധാന ഉടമ്പടിക്ക് ധാരണ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 9
- 1 min read

ഇസ്രായേലും ഹമാസും സമാധാന ഉടമ്പടിയുടെ ആദ്യ ഘട്ടത്തിന് യോജിപ്പിലെത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇസ്രായേൽ കാബിനറ്റ് ഇന്ന് യോഗം ചേർന്ന് ഉടമ്പടി അംഗീകരിച്ചാൽ ഉടൻ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. അതിൻ പ്രകാരം ഇസ്രായേലി സൈന്യം ഗാസയിൽ നിന്ന് പിന്‍മാറുകയും ഗാസയിലേക്ക് സഹായ സാമഗ്രികൾ കടത്തിവിടുകയും ചെയ്യും. ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെയും, ഇസ്രായേലി ജയിലുകളിൽ കഴിയുന്ന പാലസ്തീനിയൻ തടവുകാരെയും മോചിപ്പിക്കും.
അമേരിക്കൻ മധ്യസ്ഥതയിൽ ഈജിപ്തിലാണ് ചർച്ചകൾ നടന്നത്. സമാധാന ഉടമ്പടിക്ക് ധാരണയായെന്ന റിപ്പോർട്ടുകൾ വന്നതോടെ ഗാസയിലെ ജനങ്ങളും, ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങളും ആഘോഷിക്കുകയാണ്. ലോകം മുഴുവനും ഇത് വലിയ ആശ്വാസമേകുന്ന നിമിഷമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതികരിച്ചു. ചരിത്രപരമായ മുഹൂർത്തത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്‍ദുൾ ഫത്താ അൽ-സിസി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഗാസയുടെ ഭരണം, ഹമാസ് ആയുധം ഉപേക്ഷിക്കൽ എന്നിങ്ങനെ സങ്കീർണമായ വിഷയങ്ങളിൽ ഇനിയും ചർച്ചകൾ നടക്കാനുണ്ട്.










Comments