അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ മരണ സംഖ്യ ഉയർത്തുന്നു?
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 2
- 1 min read

തലസ്ഥാന നഗരത്തിലെ വായു മലിനീകരണം രൂക്ഷമായി തുടരുമ്പോൾ, മരണ നിരക്കിന്‍റെ കാര്യത്തിൽ 2023 ലെ ഒരു കണക്ക് ആശങ്ക കൂട്ടുന്നതാണ്. ഡൽഹി നിവാസികളുടെ ഇടയിൽ ഉണ്ടായ മൊത്തം മരണസംഖ്യയിൽ 15 ശതമാനത്തിന് പിന്നിൽ മലിനീകരണമാണ് യഥാർഥ വില്ലന്‍. ഗ്ലോബൽ ബേർഡന്‍ ഓഫ് ഡിസീസ് (ജി.ബി.ഡി) പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആന്‍റ് ഇവാല്യുവേഷന്‍ (IHME) ഈ ഡാറ്റ വിശകലനം ചെയ്തപ്പോൾ ഡൽഹിയിൽ ആ വർഷം ഉണ്ടായ 17,188 മരണങ്ങൾക്ക് കാരണം കടുത്ത മലിനീകരണമാണെന്ന് സ്ഥിരീകരിച്ചു. അതായത് നഗരത്തിലുണ്ടായ ഏഴ് മരണങ്ങളിൽ ഒന്ന് വീതം രൂക്ഷമായ വായു മലിനീകരണം മൂലമാണ് സംഭവിച്ചത്.
ഓരോ വർഷത്തെയും കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും മലിനീകരണം മൂലമുള്ള മരണസംഖ്യ കൂടി വരികയാണെന്നും, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും മൂലം ഉണ്ടാകുന്ന മരണങ്ങളേക്കാൾ അത് കൂടുതലാണെന്നുമാണ് സെന്‍റർ ഫോർ റിസർച്ച് ഓൺ എനർജി ആന്‍റ് ക്ലീന്‍ എയർ (സി.ആർ.ഇ.എ) ലെ ഗവേഷകർ പറയുന്നത്.
വായു മലിനീകരണം വെറുമൊരു പരിസ്ഥിതി പ്രശ്നമല്ലെന്നും, പൊതുജനാരോഗ്യ രംഗത്തെ ഒരു പ്രതിസന്ധിയാണ് അതെന്നും CREA യിലെ ഒരു അനലിസ്റ്റായ മനോജ് കുമാർ പറഞ്ഞു. ഡൽഹിയിലെ മലിനീകരണത്തിന് ഫലപ്രദമായ പരിഹാരം കണ്ടില്ലെങ്കിൽ ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളും ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിക്കുമെന്നും, അത് ആരോഗ്യ പരിചരണ രംഗത്ത് വലിയ തോതിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ മരണസംഖ്യയെ വായു മലിനീകരണവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ഡാറ്റ ലഭ്യമല്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.










Comments