ഹെൽത്ത് ഇൻഷുറൻസ്; പ്രായപരിധി നീക്കി
- പി. വി ജോസഫ്
- Apr 22, 2024
- 1 min read

Delhi: ഇനിമുതൽ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങാം. 65 വയസ്സെന്ന ഉയർന്ന പ്രായപരിധി IRDAI നീക്കം ചെയ്തു. 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തോടെയാണ് പുതിയ തീരുമാനം.
കാൻസർ, വൃക്കരോഗം, ഹൃദ്രോഗം എന്നിങ്ങനെ ഗുരുതര രോഗങ്ങൾ ഉള്ള വ്യക്തികൾക്ക് പോളിസികൾ നിഷേധിക്കാൻ പാടില്ലെന്നും ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
"ഹെൽത്ത് പോളിസികൾ എല്ലാ പ്രായ വിഭാഗക്കാർക്കും ലഭ്യമാണെന്ന് ഇൻഷുറൻസ് കമ്പനികൾ ഉറപ്പ് വരുത്തണം. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, കുട്ടികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉള്ളവർക്ക് ഇണങ്ങുന്ന വിധത്തിൽ പോളിസികൾ ആവിഷ്ക്കരിക്കണം." IRDAI ഒരു ഉത്തരവിൽ വിശദമാക്കി.
ഇന്ത്യയിൽ ഹെൽത്ത്‍കെയർ സംവിധാനത്തിലേക്ക് കൂടുതൽ വിഭാഗങ്ങളെ ഉൾക്കൊള്ളിക്കാനാണ് ഇൻഷുറൻസ് റഗുലേറ്ററി സ്ഥാപനത്തിന്‍റെ പുതിയ തീരുമാനം ലക്ഷ്യമിടുന്നത്. കമ്പനികൾക്ക് തങ്ങളുടെ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിക്കാൻ ഇത് പ്രോത്സാഹനം നൽകുകയും ചെയ്യും.
മുതിർന്ന പൗരന്മാർക്കുവേണ്ടി പോളിസികൾ പ്രത്യേക പരിഗണനയോടെ ആവിഷ്ക്കരിക്കണമെന്നും, അവരുടെ ക്ലെയിമുകളും ആവലാതികളും കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും IRDAI ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.










Comments