ഹിമതടാകങ്ങളുടെ എണ്ണവും വിസ്താരവും വർധിക്കുന്നു
- പി. വി ജോസഫ്
- Apr 23, 2024
- 1 min read

New Delhi: ഹിമാലയത്തിലെ ഹിമതടാകങ്ങളുടെ വിസ്‍താരം അപകടകരമായ തോതിൽ കൂടിവരുന്നു. ISRO പതിറ്റാണ്ടുകളായി ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിലുള്ള ഹിമതടാകങ്ങൾ വിശാലമാകുന്നതിന് പുറമെ പുതിയവ രൂപം കൊള്ളുകയും ചെയ്യുന്നുണ്ട്.
ഹിമാലയത്തിലെ മഞ്ഞുരുകലിന്‍റെ ഗതിവേഗം ഗണ്യമായി വർധിക്കുന്നതാണ് ഇതിന് കാരണം. കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ അന്‍റാർട്ടിക്ക ഉൾപ്പെടെയുള്ള മേഖലകളിൽ മഞ്ഞുരുകാൻ കാരണമായിട്ടുണ്ട്.
ഹിമതടാകങ്ങൾ അണ പൊട്ടുന്നതുപോലെ പൊട്ടി ഒഴുകിയാൽ അത് താഴ്‌വാരങ്ങളിൽ ശക്തമായ പ്രളയത്തിന് ഇടയാക്കും.
മഞ്ഞുമലകളുടെ ബാഹുല്യം കൊണ്ട് മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഇന്ത്യൻ ഹിമാലയത്തിന്‍റെ കാര്യത്തിൽ ISRO 1984 മുതൽ 2023 വരെയാണ് ഉപഗ്രഹ നിരീക്ഷണം നടത്തിയത്. തുടർന്നുള്ള വിശകലനത്തിൽ ഹിമതടാകങ്ങളുടെ വിസ്താരം അതിവേഗം വിപുലമാകുന്നതായി സ്ഥിരീകരിച്ചു. 2016-2017 കാലയളവിൽ നടത്തിയ ഉപഗ്രഹ സർവ്വേയിൽ 2431 ഹിമതടാകങ്ങളാണ് ഇന്ത്യൻ ഹിമാലയ മേഖലയിൽ കണ്ടെത്തിയത്. അവയുടെ മൊത്തം വിസ്താരം 10 ഹെക്‌ടറിലധികം വരും. അവയിൽ 676 എണ്ണത്തിന്‍റെ വലുപ്പവും വിസ്താരവും കൂടിയെന്നാണ് കണ്ടെത്തിയത്.










Comments