"സമ്ക്രമദീപ്തി 2025" പ്രത്യേക സാംസ്കാരിക പരിപാടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14
- 1 min read

കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) – ഡയലോഗ് ഓഫീസും, ഡൽഹി ചാവറാ സാംസ്കാരിക കേന്ദ്രവും , പാഞ്ചജന്യം ഭാരതം കൂടാതെ എച്ച്. ആർ. ഡി. എസ്. ഇന്ത്യ യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക സാംസ്കാരിക പരിപാടിയായ "സമ്ക്രമദീപ്തി 2025",
2025 ആഗസ്റ്റ് 17-ന് വൈകുന്നേരം 4:00 മുതൽ രാത്രി 8:30 വരെ, ഡൽഹി, വികാസ് പുരിയിലുള്ള കേരളാ സ്കൂളിൽ നടക്കുന്നു.
“നമുക്ക് പരസ്പരം ആഘോഷിക്കാം “ ( Let us Celebrate Each Other) എന്ന സന്ദേശമാണ് സംക്രമ ദീപ്തി 2025 പങ്കുവയ്ക്കുന്നത്.
”സമാധാനം ആരംഭിക്കുന്നത് നമ്മൾ മറ്റുള്ളവരെ ആഘോഷിച്ചു തുടങ്ങുമ്പോളാണ് “( Peace begins when we start celebrating others) എന്ന ദർശനത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങളുടെ പുണ്യ മാസമായ രാമായണമാസ സമാപന ത്തിന്റെ ആഘോഷത്തിൽ അവരോടൊപ്പം പങ്കുചേരുവാനും കേരളീയരുടെ ദേശീയ ഉത്സവമായ ഓണം സമുചിതമായി ആഘോഷിക്കുവാനും പാഞ്ചജന്യം ഭാരതവും, എച്ച്.ആർ.ഡി.എസ്. ഇന്ത്യ യുമായി സിബിസിഐ ( ഭാരത കത്തോലിക്കാ മെത്രാൻ സമിതി ) യുടെ മതാന്തര സംവാദ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററ്റും കൈ കോർക്കുന്നത്.
സമ്ക്രമദീപ്തി 2025 –ആരാധനയും ആത്മീയ നവീകരണവും നിറഞ്ഞ കർക്കിടകമാസത്തിലെ (രാമായണ മാസം) സമാപനത്തെയും, സമൃദ്ധിയും പ്രത്യാശയും പ്രതിനിധാനം ചെയ്യുന്ന ചിങ്ങമാസത്തിന്റെ ആരംഭത്തെയും ആഘോഷിക്കുന്ന ചടങ്ങാണ് ഇത്. ധ്യാനവും ആത്മപരിശോധനയും നിറഞ്ഞ കാലഘട്ടത്തിൽ നിന്നും ആനന്ദവും നിറവും നിറഞ്ഞ പുതുയാത്രയിലേക്ക് കടക്കുന്ന ഒരു സാംസ്കാരിക – ആത്മീയ സന്ധ്യയാണ് സമ്ക്രമദീപ്തി.
സമുന്വയത്തിന്റെ ഈ സാംസ്കാരിക വേദിയിൽ സംഗീതം, നൃത്തം, കലാപ്രകടനങ്ങൾ, ഇന്ത്യയുടെ സമ്പന്നമായ ആത്മീയവും സാംസ്കാരികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വിഭവങ്ങൾ എന്നിവ അവതരിപ്പിക്കപ്പെടും. കലാകാരന്മാർ, വിവിധ മതനേതാക്കൾ, വിശിഷ്ടാതിഥികൾ, സമൂഹാംഗങ്ങൾ എന്നിവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) – രാജ്യത്തുടനീളം കത്തോലിക്കാ ബിഷപ്‌സിനെ പ്രതിനിധീകരിക്കുന്ന സംഘടന – എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യനീതി, സമത്വം, ആതുര ശുശ്രുഷ, മാനുഷിക - ദൈവിക മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നു. പാഞ്ചജന്യം ഭാരതം — ആർഷ ഭാരത സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിലും, ഭാരതീയ തത്ത്വശാസ്ത്രത്തെയും ആര്യധർമ്മത്തെയും പ്രചരിപ്പിക്കുന്നതിലും പ്രശസ്തമാണ്.
എച്ച്.ആർ.ഡി.എസ്.ഇന്ത്യ,
സാമൂഹിക സമുദ്ധാരണം, സുസ്ഥിരവികസനം, അരികുവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണം, എന്നീ ലക്ഷ്യങ്ങളോടെ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നു.
ചാവറ സാംസ്കാരിക കേന്ദ്രം, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറായുടെ ജീവിതവും ഉപദേശങ്ങളും പ്രചോദനമാക്കി, മതാന്തര സംവാദം, കല, സാഹിത്യം, സംഗീതം, സാംസ്കാരിക ഇടപെടൽ എന്നിവയിലൂടെ ലോകത്തിൽ സമാധാനവും ഐക്യവും, പരസ്പര ആദരവും സൗഹൃദവും വളർത്തുന്നു.

Comments