top of page

ശൈശവ വിവാഹമുക്ത ഭാരതത്തിനായി മതനേതാക്കളുടെ ഐക്യദാർഢ്യം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 22
  • 1 min read
ree

2030ഓടെ ശൈശവവിവാഹമുക്തമായ ഭാരതത്തിന്റെ സാക്ഷാത്കാരത്തിനായി

മതനേതാക്കളുടെ ഒത്തുചേരൽ 2025, മാർച്ച്‌ 20 നു ഡൽഹിയിൽ വച്ച് നടത്തപ്പെട്ടു.ഇതിന്റെ ഭാഗമായി, 20 വിശ്വാസസമൂഹങ്ങളുടെ പ്രതിനിധികളായ മുപ്പതിലധികം വരുന്ന മതനേതാക്കൾ ഡൽഹിയിൽ ഒത്തുകൂടി. ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ (ICP) എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ, ദേശീയതല അന്തർമത വേദി രൂപീകരിക്കാൻ തീരുമാനമെടുത്തു. മതനേതാക്കളുടെ സ്വാധീനം ഉപയോഗിച്ച് ബോധവൽക്കരണം നടത്തുകയും, നിയമപ്രവർത്തനം ശക്തിപ്പെടുത്തുകയും, സംയുക്തമായി പ്രവർത്തിച്ച് 2030ഓടെ ശൈശവ വിവാഹമില്ലാത്ത ഇന്ത്യ സൃഷ്ടിക്കുകയുമാണ് ഈ വേദിയുടെ ലക്ഷ്യം.


ഈ സംവാദം അഡ്വ.ശ്രീ.ഡോ. കെ. സി. ജോർജിന്റെ നേതൃത്വത്തിൽ 2024 ജൂലൈ 22 നു സംഘടിപ്പിക്കപ്പെട്ട ഇന്റർഫെയ്ത് ചർച്ചയുടെ തുടർച്ചയായിരുന്നു. അന്നത്തെ ചർച്ചയിൽ ഒൻപത് മതങ്ങളുടെ പ്രതിനിധികൾ ശൈശവ വിവാഹം ഒരു മതവും അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.


ഒരു വർഷത്തിനുള്ളിൽ തന്നെ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ബഹായി, ബുദ്ധ, ജൈന, ബ്രഹ്മകുമാരി, ജൂത, സൊറസ്ട്രിയൻ എന്നീ മതങ്ങളിലെ നേതാക്കൾ വീണ്ടും ഒത്തുകൂടി ശൈശവവിവാഹത്തിനെതിരായ പ്രചാരണത്തിനായി നടപടികൾ ആസൂത്രണം ചെയ്തു. മതനേതാക്കൾ ശൈശവവിവാഹം ഇല്ലാതാക്കുന്നതിൽ നിർണായക പങ്ക് വഹിക്കണമെന്ന് അവർ വ്യക്തമാക്കി.


മതനേതാക്കളുടെ പ്രതികരണം


രാമകൃഷ്ണ മിഷനിലെ സ്വാമി കൃപാകരണാനന്ദ ശൈശവവിവാഹത്തെ "ശതാബ്ദികൾക്കിപ്പുറം തുടർന്നുപോരുന്ന ദുഷ്പ്രവർത്തി" എന്നു വിവക്ഷിച്ചു, സമൂഹത്തിനു ഇതിനെ കുറിച്ച് ശരിയായ അവബോധം നൽകിയാലേ ഇത്തരം അനാചാരങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി.


ഫരീദാബാദ് അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ശിശുവിവാഹത്തിനെതിരെ കൂടുതൽ ബോധവൽക്കരണവും വിവാഹങ്ങളുടെ കർശനമായ രജിസ്‌ട്രേഷനും അന്താരാഷ്ട്രതല നടപടികളും വേണമെന്ന് ആവശ്യപ്പെട്ടു.


മുസ്ലിം മതനേതാക്കളായ ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ സെക്രട്ടറി ഇമാം ഫൈസാൻ മുനീറും മദ്രസ പ്രിൻസിപ്പൽ മുഫ്തി അസ്ലവും ഇസ്ലാം ശിശുവിവാഹത്തിന് അനുമതി നൽകുന്നില്ല എന്ന് വ്യക്തമാക്കിയതിനോടൊപ്പം , മതനേതാക്കളും കുടുംബങ്ങളും ഇത്തരം വിവാഹങ്ങൾ അനുവദിക്കരുതെന്നും സമൂഹത്തിൽ ബോധവൽക്കരണം വേണമെന്നും ആവശ്യപ്പെട്ടു.


ഓം ശാന്തി റിട്രീറ്റ് സെന്ററിലെ ബ്രഹ്മകുമാരി സിസ്റ്റർ ഹുസൈൻ സാമൂഹിക ദുഷ്പ്രവൃത്തികളെ ഇല്ലാതാക്കുന്നതിൽ മതത്തിന്റെ ശക്തിയേറിയ പങ്ക് ഉണ്ട് എന്നും അവകാശപ്പെട്ടു.


പ്രാദേശിക തലത്തിൽ ബോധവൽക്കരണം


മതനേതാക്കൾ അധിക അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രാദേശിക-ദേശീയതല ബോധവൽക്കരണ വിഭാഗങ്ങൾ രൂപീകരിച്ച് ശിശുവിവാഹത്തിനെതിരെ ശക്തമായ പ്രചാരണം നടത്താൻ ആലോചിച്ചു. സമൂഹത്തിന്റെഅടിത്തട്ടിൽ തുടങ്ങി ഇതിനെപറ്റിയുള്ള അവബോധം വളർത്തുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സംഘടനകൾ അറിയിച്ചു.


ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ സ്ഥാപകനായ ഭുവൻ റിഭു ഈ നീക്കം ശിശുവിവാഹമുക്ത ഇന്ത്യയിലേക്ക് എത്തുന്ന ഒരു ചരിത്രഘട്ടമായി വിശേഷിപ്പിച്ചു. "ശിശുവിവാഹം നിയമവിരുദ്ധവും അനീതിയുമാണ്. അതിനെ ഏതൊരു മതവും അംഗീകരിക്കുന്നില്ല. മതനേതാക്കളുടെ ഐക്യദാർഢ്യത്തോടെ ശിശുവിവാഹത്തിനെതിരായ ഈ പ്രസ്ഥാനം ആഗോളതലത്തിലേക്കും വ്യാപിക്കുകയാണ്," അദ്ദേഹം പറഞ്ഞു.


ശിശുവിവാഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും, മതസ്ഥാപനങ്ങൾ നിയമപരമായ രീതിയിൽ മാത്രം വിവാഹങ്ങൾ നടത്തുമെന്നുറപ്പാക്കാനും

മതനേതാക്കൾ സമൂഹത്തോട് ആഹ്വാനം ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page