ശ്രീനാരായണഗുരു ജയന്തി ആഘോഷo
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 14
- 1 min read

എസ് എൻ ഡി പി ഡൽഹി യൂണിയൻ ദിൽഷാദ് ഗാർഡൻ ശാഖയുടെ ഈ വർഷത്തെ ശ്രീനാരായണഗുരു ജയന്തി ആഘോഷവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ രണ്ടാമത് വാർഷികവും 07-09-2025 നു ക്ഷേത്രം തന്ത്രി നിയോഗിച്ച നിതിൻ ശാന്തിയുടെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായി നടന്നു. രാവിലെ 5.30-നു നിർമ്മാല്യ ദർശനം, 6 മണിക്ക് ശാന്തിഹവനം, 9 മണിക്ക് നവ കലശ പൂജ, കലശാഭിഷേകം, തുടർന്നു മഹാഗുരുപൂജയും വിഭവ സമൃദ്ധമായ ചതയ സദ്യയും നടന്നു . വൈകിട്ട് 4 മണിക്ക് ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നിന്നും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഗുരുദേവ ദർശനങ്ങളുടെ വിളംബരത്തോടുകൂടി ചെണ്ടമേളം താലപ്പൊലി, ഡാണ്ടിയ, കളരി പയറ്റ് എന്നിവയുടെ അകമ്പടിയോടെ ഗുരുദേവ രഥവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര വൈകിട്ട് 6 മണിക്ക് ഗുരു ക്ഷേത്രത്തിൽ എത്തി, മഹാദീപാരാധനക്ക് ശേഷം ശാഖ പ്രസിഡന്റ് ശ്രീ ഉത്തമൻ റ്റി കെ യുടെ അധ്യക്ഷതയിൽ ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ചു ബഹുമാനപ്പെട്ട ഡൽഹി യൂണിയൻ പ്രസിഡന്റ് ശ്രീ അനിൽ ടി എസ് നിർവഹിച്ചു. ശാഖ സെക്രട്ടറി മധു സധാശിവൻ സ്വാഗതം ആശംസിച്ചു. സർവ്വശ്രീ അനിൽ റ്റീ എസ് ഉദ്ഘാടന പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായ ശ്രീ സുശീലൻ വാസുദേവൻ, കാവാലം മാധവൻ കുട്ടി, വിജയൻ ഗ്രാമഭവൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയിൽ നിന്നും വിശിഷ്ട സേവാ മെഡൽ നേടിയ ശാഖയുടെ അംഗമായ ശ്രീ രഘുനാഥൻ പീ, മോഹിനിയാട്ടത്തിന് കൾച്ചറൽ മന്ത്രാലയത്തിന്റെ സ്കോളർഷിപ് നേടിയ കുമാരി ഹൃതിക അനീഷ്, വിജയകരമായി എം ബി ബി എസ് വിജയിച്ച കുമാരി ആതിര ഓമനക്കുട്ടൻ എന്നിവരെ ആദരിച്ചു. ഗുരുദേവ വിദ്യാഭ്യാസ പുരസ്കാരവും, ശാരദ ദേവി വിദ്യാഭ്യാസ പുരസ്‌കാരവും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിതരണം ചെയ്തു.
ശാഖ വൈസ് പ്രസിഡന്റ് ശ്രീ കെ ചന്ദ്രമോഹൻ നന്ദി പ്രകാശനം നടത്തി. അതിനു ശേഷം വൈകിട്ട് 7.30 മുതൽ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. അന്നദാനത്തോടെ പരിപാടികൾ സമാപിച്ചു.










Comments