വേൾഡ് മലയാളി കൗൺസിൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം ചെയ്തു:ഒന്നാം ഘട്ടത്തിൽ 25 വിദ്യാർത്ഥികൾക്ക് സഹായം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 17 hours ago
- 1 min read

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) ആവിഷ്കരിച്ച ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരഞ്ഞെടുത്ത 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് വിതരണം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആവിഷ്കരിച്ച ഈ പദ്ധതിയിലൂടെ ആകെ 100 നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് ഒരു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കുകയെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ നഴ്സിംഗ് പഠനത്തിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, എം. മുകേഷ്, അജിത് കൊളാശ്ശേരി (നോർക്ക എം.ഡി), തുടങ്ങിയ പ്രമുഖരും ആശംസകൾ നേർന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി. വെളിയത്ത്, വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നഴ്സിംഗ് സ്കോളർഷിപ്പിന് പുറമെ ഹെൽത്ത് കെയർ അവാർഡ് വിതരണവും വനിതാ ഫോറം നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനവും ഇതോടൊപ്പം നടന്നു.


Comments