വംശനാശ ഭീഷണി മറികടക്കാൻ ബഹിരാകാശ ഉപായം
- പി. വി ജോസഫ്
- Apr 25, 2024
- 1 min read

ജീവജാലങ്ങളെ സർവ്വനാശത്തിൽ നിന്ന് സംരക്ഷിക്കാൻ നോഹയുടെ പെട്ടകത്തിന് കഴിഞ്ഞുവെന്നാണ് ബൈബിളിൽ പറയുന്നത്. എന്നാൽ വംശനാശത്തിൽ നിന്ന് ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കാൻ എന്തെങ്കിലും ഉപായമുണ്ടോയെന്ന് ശാസ്ത്രലോകം ആലോചന തുടങ്ങിയിട്ട് കാലമേറെയായി.
കാലാവസ്ഥാ വ്യതിയാനവും അണുപ്രസരണങ്ങളും മൂലം ആയിരക്കണക്കിന് ജീവജാലങ്ങൾ വംശനാശം നേരിടുന്നുണ്ട്. മണ്ണിര മുതൽ മരംകൊത്തി വരെ ആ പട്ടികയിലുണ്ട്. അനേകം സൂക്ഷ്‍മജീവികളും ചെറുജീവികളും ഭൂമുഖത്തുനിന്ന് ഇതിനോടകം അപ്രത്യക്ഷമായി കഴിഞ്ഞു.
അവയെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും അവയുടെ കോശങ്ങളും ജീവന്‍റെ തുടിപ്പും സൂക്ഷിച്ചുവെക്കാനുള്ള ആശയം ശാസ്ത്രലോകത്ത് സജീവമാണ്. ജീവകോശങ്ങൾ സംഭരിച്ചു സൂക്ഷിക്കുന്നത് ഭൂമിയിൽ ആയിരിക്കില്ല. ഭൗമാന്തരീക്ഷത്തിൽ അത് സാധ്യവുമല്ല. എന്നാൽ ചന്ദ്രനിൽ അത് സാധിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരിൽ ചിലരെങ്കിലും കരുതുന്നത്.
ജൈവകോശങ്ങളും ബീജകോശങ്ങളും സംഭരിച്ച് ചന്ദ്രനിലെ കൊടും ശൈത്യത്തിൽ മരവിപ്പിച്ച് സൂക്ഷിക്കാമെന്നാണ് മേരി ഹാഗെഡോൺ എന്ന ശാസ്ത്രജ്ഞയുടെ പ്രതീക്ഷ. അമേരിക്കയിലെ സ്‍മിത്‍സോണിയൻ നാഷണൽ സൂ ആന്‍റ് കൺസർവേഷൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് സയന്‍റിസ്റ്റാണ് അവർ. ചാന്ദ്രിക ജൈവസംഭരണി (Lunar Biorepository) എന്നതാണ് ആശയം. ജീവകോശങ്ങൾ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന ക്രയോപ്രിസർവ്വേഷനിൽ രണ്ട് പതിറ്റാണ്ടായി ഗവേഷണം നടത്തിവരികയാണ് ഹാഗെഡോണും ടീമും.
മൈനസ് 250 ഡിഗ്രിവരെ തണുത്തുറഞ്ഞ ചന്ദ്രനിലെ അന്തരീക്ഷം ഇത്തരമൊരു ആശയത്തിന് ഇണങ്ങുന്ന ഇടമാണ്. ജീവകോശങ്ങൾ തണുത്തുറയുമെങ്കിലും അവയിലെ ജീവാംശം ആയിരക്കണക്കിന് വർഷം നിലനിർത്താമെന്നാണ് ഹാഗെഡോണും ടീമും കരുതുന്നത്. വിദൂരഭാവിയിൽ ഏതെങ്കിലും കാലത്ത്, ഏതെങ്കിലും തലമുറയിലെ ശാസ്ത്രസമൂഹത്തിന് അവയെ ജീവനിലേക്കും ജീവിതചക്രത്തിലേക്കും തിരികെ കൊണ്ടുവരാൻ കഴിഞ്ഞേക്കാം.










Comments