വിശ്വാസികളെ കബളിപ്പിച്ച അമേരിക്കൻ പാസ്റ്ററിന് ജയിൽ ശിക്ഷ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 18, 2024
- 1 min read

ന്യൂയോർക്കിലെ സുവിശേഷ പ്രഭാഷകനായ ലാമോർ വൈറ്റ്‍ഹെഡിന് ഒമ്പത് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. അനുയായികളെ കബളിപ്പിച്ച് വൻ തുകകൾ കൈപ്പറ്റി ആഡംബര ജീവിതം നയിക്കുന്നത് 'ബ്ലിംഗ് ബിഷപ്പ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇയാൾ ശീലമാക്കിയിരുന്നു. തട്ടിപ്പ്, തട്ടിപ്പ് ശ്രമം, വ്യാജ സാക്ഷ്യങ്ങൾ മുതലായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. വ്യാജരേഖകൾ ഉണ്ടാക്കി വൻ തുക ലോണെടുക്കാൻ ശ്രമിച്ച കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
ആരാധകർക്ക് മോഹന വാഗ്‌ദാനങ്ങൾ നൽകി പണം തട്ടിയെടുത്ത് ആഡംബര കാറുകളും വിലയേറിയ വസ്ത്രങ്ങളും വാങ്ങുക പതിവായിരുന്നു. വീട് വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു സ്ത്രീയുടെ സമ്പാദ്യം മുഴുവനും തട്ടിയെടുത്ത കേസും കോടതി പരിഗണിച്ചു.
പാസ്റ്ററിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നാണ് ശിക്ഷാവിധിയെക്കുറിച്ച് ന്യൂയോർക്ക് മേയർ പ്രതികരിച്ചത്. ഉന്നത കോടതിയിൽ അപ്പീൽ നൽകുമെന്ന് പാസ്റ്ററിന്‍റെ അഭിഭാഷകർ അറിയിച്ചു.










Comments