വ്യാജ മസാല വ്യാപകം, 15 ടൺ പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 6, 2024
- 1 min read

ന്യൂഡൽഹി: മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മല്ലിപ്പൊടിയും മുളകുപൊടിയുമൊക്കെ ഒറിജിനൽ ആയിരിക്കണമെന്നില്ല. വ്യാജനായിരിക്കാം. വ്യാജമായി നിർമ്മിച്ച് കളർ ചേർത്ത് പായ്ക്കറ്റുകളിൽ നിറയ്ക്കുന്നതാകാം.
ഡൽഹി പോലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ 15 ടൺ വ്യാജ മസാലപ്പൊടികൾ പിടിച്ചെടുത്തു. വടക്ക്-കിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിൽ രണ്ട് ഫാക്‌ടറികളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അത് കണ്ടെത്തിയത്. മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്‌ടറി ഉടമകളായ ദിലീപ് സിംഗ്, സർഫരാജ് എന്നിവരും, വിതരണം ചെയ്യുന്ന കുർഷിദ് മാലിക്കുമാണ് പിടിയിലായത്.
ഒറിജിനൽ മസാലപ്പൊടികൾ വിൽക്കുന്ന അതേ വിലയിലാണ് ഇവർ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വിൽപ്പന നടത്തിയതെന്ന് ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കരിയില, കേടായ ധാന്യങ്ങൾ, അറക്കപ്പൊടി, മുളകിന്‍റെ ഞെട്ട് മുതലായ സാധനങ്ങളും ആസിഡും ഓയിലുകളും ചേർത്താണ് വ്യാജ മസാല നിർമ്മിച്ചതെന്ന് ജില്ലാ പോലീസ് കമ്മീഷണർ രാകേഷ് പവേരിയ പറഞ്ഞു.
അറസ്റ്റിലായെവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.










Comments