top of page

രക്തദാനം ആജീവനാന്തം; ജെയിംസ് ഹാരിസൺ വിടവാങ്ങി

  • പി. വി ജോസഫ്
  • Mar 4
  • 1 min read
ree

ആയുസ്സിൽ ആരോഗ്യം ഉള്ളിടത്തോളം കാലം രക്തം ദാനം ചെയ്ത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് ഇഹലോകവാസം വെടിഞ്ഞു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള നേഴ്‌സിംഗ് ഹോമിൽ ചികിത്സയിലായിരുന്ന 88 കാരനായ ഹാരിസൺ ഉറക്കത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ രക്തത്തിൽ സവിശേഷതയുള്ള അപൂർവ്വതരം പ്ലാസ്‍മയാണ് ഉണ്ടായിരുന്നത്. ആന്‍റി-ഡി എന്ന അപൂർവ ആന്‍റിബോഡി അടങ്ങിയതായിരുന്നു അത്. ഗർഭിണികൾക്കും, ഗർഭസ്ഥ ശിശുക്കൾക്കും, നവജാത ശിശുക്കൾക്കും അത് അനുഗ്രഹമായി മാറി. അദ്ദേഹത്തിന്‍റെ രക്തത്തിലെ പ്ലാസ്‍മയുടെ സഹായത്താൽ രണ്ട് ദശലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. മാസത്തിൽ രണ്ട് തവണയാണ് അദ്ദേഹം രക്തം ദാനം ചെയ്തുകൊണ്ടിരുന്നത്.


വെറും 14 വയസുള്ളപ്പോൾ നടത്തിയ ഒരു മേജർ സർജറിയിൽ ഹാരിസണ് ധാരാളം രക്തം സ്വീകരിക്കേണ്ടി വന്നു. അതേ തുടർന്ന് എടുത്ത ശപഥമാണ് ആയുഷ്ക്കാലം മുഴുവനും രക്തദാനം നടത്തുമെന്ന്. അങ്ങനെ 18 വയസിൽ ആരംഭിച്ച രക്തദാനം, അത് അനുവദിക്കുന്ന 81 വയസ് വരെ തുടർന്നു. രക്തവും പ്ലാസ്‍മയും ഏറ്റവും കൂടുതൽ ദാനം ചെയ്ത് 2005 ൽ ലോക റിക്കാർഡിട്ടു.


ദശലക്ഷക്കണക്കിന് ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ തന്‍റെ പിതാവിന് അഭിമാനമായിരുന്നുവെന്ന് മകൾ ട്രേസി മെലോഷിപ്പ് അനുസ്‍മരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page