രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ രാത്രി 9 മണിക്ക് ശേഷം നോ എക്‌സിറ്റ്
- പി. വി ജോസഫ്
- Dec 31, 2024
- 1 min read

പുതുവർഷ തലേന്നായ ഇന്ന് ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. ആഘോഷങ്ങൾക്ക് ജനത്തിരക്ക് സാധാരണയായി ഉണ്ടാകാറുള്ളത് കോനോട്ട് പ്ലേസ്, ഇന്ത്യാ ഗേറ്റ്, ഹൌസ് ഖാസ് എന്നിവിടങ്ങളിലാണ്. ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി 2500 പോലീസുകാരെയാണ് പല ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാൻ 250 പ്രത്യേക ടീമുകളാണ് ഉള്ളത്. 40 ടീമുകൾ മോട്ടോർ സൈക്കിളിൽ റോന്ത് ചുറ്റും.
രാത്രി 8 മണിക്ക് ശേഷം കോനോട്ട് പ്ലേസിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നതിൽ നിയന്ത്രണമുണ്ട്. പ്രത്യേക പാസ്സുകൾ ഉള്ള വാഹനങ്ങളെ മാത്രമാണ് ഇന്നർ സർക്കിളിലേക്ക് കടത്തിവിടുക. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർക്ക് റാം മനോഹർ ലോഹ്യ പാർക്ക് സ്ട്രീറ്റ്, മന്ദിർ മാർഗ്ഗ്, റാണി ഝാൻസി റോഡ് എന്നീ റൂട്ടുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ ഇന്നു രാത്രി 9 മണിക്ക് ശേഷം എക്‌സിറ്റ് ഉണ്ടാവില്ല. എൻട്രി അനുവദിക്കും. DMRC പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. രാജീവ് ചൗക്കിലേക്ക് ഇന്നു രാത്രി 8 മണിക്ക് ശേഷം ആപ്പിൽ QR ടിക്കറ്റും ലഭിക്കില്ല. പൊതുജന സുരക്ഷ ഉറപ്പ് വരുത്താനും ജനത്തിരക്ക് നിയന്ത്രിക്കാനും പോലീസ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനമെന്ന് DMRC പ്രിൻസിപ്പൽ എക്‌സിക്യുട്ടീവ് ഡയറക്‌ടർ അനൂജ് ദയാൽ പറഞ്ഞു.










Comments