രാജ്യത്തിന്‍റെ രാഷ്‍ട്രീയ ഭാവിയിൽ ഡൽഹിക്കുള്ള സ്ഥാനം നിർണായകം - പ്രധാനമന്ത്രി
- പി. വി ജോസഫ്
- May 23, 2024
- 1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്‍ട്രത്തിന്‍റെ ഭാഗധേയം നിർണയിക്കുന്നതിൽ തലസ്ഥാന നഗരമായ ഡൽഹിക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദ്വാരകയിൽ ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയുടെ പല ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൻ ജനാവലി പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാനും പ്രസംഗം കേൾക്കാനുമായി തടിച്ചുകൂടി.
"അതിവേഗത്തിലുള്ള വികസനവും കാര്യക്ഷമമായ ഭരണ നിർവ്വഹണവുമാണ് ബിജെപി-യുടെ പ്രതിബദ്ധതയും മുഖമുദ്രയും. രാഷ്‍ട്രത്തിന് പ്രഥമ മുൻഗണന നൽകുന്നതാണ് പാർട്ടിയുടെ വികസന മോഡൽ. സേവനങ്ങൾ സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലെയും ജനങ്ങൾക്ക് എത്തിക്കാൻ പാർട്ടി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്", പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്‍റെ ക്ഷേമകാര്യങ്ങൾ വെച്ച് പ്രതിപക്ഷ കക്ഷികൾ വോട്ട്-ബാങ്ക് രാഷ്‍ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.










Comments