top of page

രേഖപ്പെടുത്തിയ ഓരോ വോട്ടും സ്ട്രോങ് റൂമിൽ ഭദ്രം

  • പി. വി ജോസഫ്
  • May 28, 2024
  • 1 min read
ree

ന്യൂഡൽഹി: ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും VVPAT കളും കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിലും സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് തലങ്ങളിലായാണ് സ്ട്രോങ് റൂമുകളിൽ സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ പി. കൃഷ്‍ണമൂർത്തി പറഞ്ഞു. ഡൽഹിയിൽ വോട്ടെടുപ്പ് മെയ് 25 നാണ് നടന്നത്. ജൂൺ 4 ന് എണ്ണുന്നതിനായി പുറത്തെടുക്കുന്നതുവരെ ഓരോ വോട്ടും സ്ട്രോങ് റൂമിൽ ഭദ്രമായിരിക്കും.


വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ അകത്തും പുറത്തും പഴുതില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അകത്ത് കേന്ദ്ര സായുധ പാരാമിലിട്ടറി സേനയും പുറത്ത് സായുധ പോലീസുമാണ് രാപ്പകൽ സുരക്ഷാ കവചം ഒരുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരമാണ് ക്രമീകരണങ്ങൾ. ഡബിൾ-ലോക്ക് സംവിധാനമുള്ള സ്ട്രോങ് റൂമുകളുടെ മുദ്രവെച്ച കവാടങ്ങൾ 24 മണിക്കൂറും CCTV നിരീക്ഷണത്തിലാണ്. തുറക്കുന്നതും അടയ്ക്കുന്നതും നിർബന്ധമായും വീഡിയോയിൽ പകർത്തും. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ അകത്ത് കടക്കുന്നുണ്ടെങ്കിൽ വീഡിയോയിലും ലോഗ് ബുക്കിലും രേഖപ്പെടുത്തും. സ്ട്രോങ് റൂമിനോട് ചേർന്ന് പ്രത്യേകം കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. VIP വാഹനങ്ങൾക്ക് പോലും അവിടേക്ക് പ്രവേശനം അനുവദിക്കില്ല.


സ്ട്രോങ് റൂമുകളുടെ സുരക്ഷാ ക്രമീകരണം CCTV യിലൂടെ നിരീക്ഷിക്കാൻ സ്ഥാനാർത്ഥികളുടെ ഏജന്‍റുമാരെയും പ്രതിനിധികളെയും അനുവദിക്കും. സ്ട്രോങ് റൂമുകളുടെ സമീപത്തായി അവർക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് നിരീക്ഷിച്ച് ബോധ്യപ്പെടുന്നതിന് ഇടയ്ക്കിടെ ബാച്ചുകളായി അകത്ത് കടക്കാൻ അവരെ അനുവദിക്കുമെന്നും ചീഫ് ഇലക്‌ടറൽ ഓഫീസർ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page