യമുനാ നദിയിൽ വിഷപ്പത രൂക്ഷമാകുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 22, 2024
- 1 min read

അന്തരീക്ഷ മലിനീകരണം കൂടിവരുന്ന ഡൽഹിയിൽ യമുനാ നദിയുടെ പല ഭാഗങ്ങളും വിഷപ്പത കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞായറാഴ്ച്ച മുതൽ കാളിന്ദി കുഞ്ജ് ഭാഗത്താണ് യമുനയിലൂടെ വിഷപ്പത ഒഴുകുന്നത്. ചില ഭാഗങ്ങളിൽ അത് കെട്ടിനിൽക്കുകയാണ്. ആകാശത്ത് മേഘങ്ങൾ കാണുന്നതുപോലെയാണ് യമുനയിലൂടെ കട്ടിയുള്ള പത ഒഴുകുന്നത്. തീര നിവാസികളിൽ ഇത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. വെള്ളത്തിലിറങ്ങുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് ഇടയാക്കുന്നുണ്ട്. ചർമ്മത്തിലും കണ്ണുകളിലും നീറ്റലും പുകച്ചിലും ഉണ്ടാകുന്നുണ്ടെന്ന് യമുനാ തീരത്ത് വസിക്കുന്ന പലരും പരാതിപ്പെട്ടു തുടങ്ങി.
നിർമ്മാണ ശാലകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളും അഴുക്കുവെള്ളവും ഒഴുകിച്ചേർന്നാണ് യമുനാ നദി മലിനമാകുന്നത്. ഫോസ്‍ഫേറ്റ് അടങ്ങിയ ഡിറ്റർജന്‍റ് കലർന്ന വ്യാവസായിക മാലിന്യങ്ങളും ഗർഹിക മാലിന്യങ്ങളും യമുനയെ കൂടുതൽ മലീമസമാക്കുന്നു. ഛട്ട് പൂജ പോലുള്ള ഉത്സവങ്ങളുടെ സീസൺ ആയതിനാൽ ജനങ്ങൾ ആശങ്കയിലാണ്. ഭക്ത സ്ത്രീകൾ വെള്ളത്തിലിറങ്ങി നിന്നാണ് പൂജാ പ്രാർത്ഥനകൾ അർപ്പിക്കാറുള്ളത്.
അടിയന്തര പരിഹാര നടപടികൾ കൈക്കൊള്ളാനായി ഡൽഹി ഗവൺമെന്‍റ് ഒരു ഏകോപന സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അറിയിച്ചു.











Comments