മാലിന്യക്കൂമ്പാരം പുകയുന്നു, സമീപവാസികൾ വലയുന്നു
- Delhi Correspondent
- Apr 22, 2024
- 1 min read

New Delhi: ഇന്നലെ തീപിടുത്തം ഉണ്ടായ ഗാസിപ്പൂർ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇപ്പോഴും കനത്ത പുക ഉയരുകയാണ്. സമീപവാസികൾ പലരും ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു തുടങ്ങി. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ശ്വാസതടസ്സത്തിന് പുറമെ കണ്ണിലും തൊണ്ടയിലും പുകച്ചിലും വേദനയും ഉണ്ടാകുന്നതായാണ് പരാതി.
"എനിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുന്നു. കണ്ണിൽ നീറ്റലും പുകച്ചിലുമുണ്ട്. എന്‍റെ കുട്ടികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ട്. സർക്കാർ അടിയന്തരമായി യാതൊന്നും ചെയ്യുന്നില്ല. ഞങ്ങൾ എങ്ങോട്ട് പോകണം. ആരെയാണ് സമീപിക്കേണ്ടത്", ഒരു സമീപവാസി ആകുലപ്പെട്ടു. വിഷപ്പുക പലരുടെയും വീടിനുള്ളിലേക്കും കയറുന്നുണ്ട്.
അഗ്നിശമനസേന തീയും പുകയും അണയ്ക്കാൻ ഇന്നലെ മുതൽ ശ്രമിച്ചു വരികയാണ്. മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ടെന്നും, താമസിയാതെ പ്രശ്നം പരിഹരിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നും ആം ആദ്‍മി പാർട്ടി എംപി സഞ്ജയ് സിംഗ് പറഞ്ഞു.










Comments