മൊബൈൽ വെട്ടത്തിൽ സിസേറിയൻ; അമ്മയും കുഞ്ഞും മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 3, 2024
- 1 min read

മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയും കുഞ്ഞും മരിച്ചു. വൈദ്യുതി നിലച്ചപ്പോൾ മൊബൈലിന്‍റെ ഫ്ലാഷ്‍ലൈറ്റിൽ സിസേറിയൻ നടത്തിയെന്നാണ് ആരോപണം. ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നടത്തുന്ന സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിലാണ് സംഭവം.
പ്രസവവേദന തുടങ്ങിയ 26 കാരിയെ ഏപ്രിൽ 29 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നോർമൽ ഡെലിവറിയാണെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് താഴ്ന്നെന്ന് പറഞ്ഞാണ് പൊടുന്നനെ സിസേറിയൻ നടത്താൻ തീരുമാനിച്ചത്. കരണ്ട് പോയപ്പോൾ അവർ മൊബൈലിന്‍റെ ടോർച്ച് അടിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഗർഭിണിയുടെ ഭർത്താവും ബന്ധുക്കളും പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു എന്നാണ് അവർ പറയുന്നത്.
എന്നാൽ സർജ്ജറി അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് കരണ്ട് പോയതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ജനറേറ്റർ തകരാറിലായിരുന്നെന്നും മൊബൈൽ വെളിച്ചത്തെ ആശ്രയിക്കാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നെന്നും, ഡോക്‌ടറിന്‍റെ ഭാഗത്ത് പിഴവൊന്നും സംഭവിച്ചില്ലെന്നും അവർ വിശദീകരിച്ചു.










Comments