മംഗളയിൽ എലിശല്യം; പരാതികൾ കൂടുന്നു
- റെജി നെല്ലിക്കുന്നത്ത്
- Jun 5, 2024
- 1 min read

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ മലയാളികൾ പണ്ടുമുതൽ ആശ്രയിക്കുന്ന ട്രെയിനാണ് മംഗള എക്‌സ്പ്രസ്. അതിലിപ്പോൾ എലിശല്യം ഉള്ളതായി പലരും പരാതിപ്പെടുന്നു. ഇയ്യിടെ മംഗളയിൽ AC കോച്ചിൽ നാട്ടിലേക്ക് കുടുംബമായി പോയ കോഴിക്കോട് സ്വദേശി ശ്രീരേഖക്ക് എലിയുടെ കടിയേറ്റു. മംഗലാപുരം സ്റ്റേഷനിൽ നിന്ന് ട്രെയിൻ വിട്ടപ്പോഴാണ് എലി കടിച്ചത്. രക്തം ഒലിക്കുന്നതു കണ്ട്, ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സഹയാത്രികനാണ് മരുന്ന് വെച്ച് കെട്ടിയത്. TTR നെ വിവരം അറിയിച്ചെങ്കിലും കണ്ണൂർ സ്റ്റേഷനിൽ നിന്നാണ് റയിൽവെ പോലീസ് കയറി വിവരം ചോദിച്ചത്. ഡോക്‌ടറുടെ സേവനം ലഭ്യമാക്കിയുമില്ല. വിശദാംശങ്ങൾ എഴുതിയെടുത്ത് അവർ പോകുകയാണ് ചെയ്തത്. കോഴിക്കോട് ഇറങ്ങിയ ശ്രീരേഖ സ്വകാര്യ ആശുപത്രിയിൽ ചെന്നപ്പോൾ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചെന്ന് വാക്‌സിൻ എടുത്തെങ്കിലും റയിൽവെയുടെ ഭാഗത്തു നിന്ന് ഉടൻ മെഡിക്കൽ സഹായമോ വേണ്ട നടപടിയോ ഉണ്ടായില്ലെന്ന് ശ്രീരേഖയും ഭർത്താവും പരാതിപ്പെടുന്നു. ശ്രീരേഖയും കുടുംബവും DDA ജനത ഫ്ലാറ്സ് , മയൂർ വിഹാർ ഫേസ് - 1 ൽ ആണ് താമസം

ട്രെയിനിൽ വെച്ച് ബാഗുകളും പേഴ്‌സുമൊക്കെ എലി കരണ്ട് നശിപ്പിച്ച അനുഭവം ഉണ്ടായതായി ഇതിനു മുമ്പും മലയാളികൾ പരാതിപ്പെട്ടിട്ടുണ്ട്. പശ്ചിംവിഹാറിൽ താമസിക്കുന്ന ജീമോൾ അഗസ്റ്റിൻ നാട്ടിൽ നിന്ന് തിരികെ ഡൽഹിയിലേക്ക് മംഗളയിലാണ് വന്നത്. തന്‍റെ ഷൂസ് ഊരിവെച്ചിരുന്നത് എലി കടിച്ച് നശിപ്പിച്ചതായും ചിപ്‌സും ഹൽവയുമൊക്കെ എലി കടിച്ചതിനാൽ ഉപയോഗ ശൂന്യമായെന്നും ജീമോൾ പറഞ്ഞു.










Comments