ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരം
- അനീഷ് തോമസ് TKD
- Jun 7, 2024
- 1 min read

തിരുവല്ല: ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പ്രസ്താവിച്ചു. ചക്രവര്‍ത്തി നഗ്‌നനാണെങ്കില്‍ അത് വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഉള്‍ക്കൊണ്ട് തിരുത്തുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണ്. സാധാരണക്കാരന് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിൽ ആവശ്യത്തിനുള്ള ക്രമീകരണങ്ങളില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ പുറത്തുനിന്നും വലിയ വില കൊടുത്ത് മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങേണ്ടുന്ന ദുരവസ്ഥയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ ചെലവ് തിരികെ നല്കാത്തതിനാല്‍ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ അവര്‍ സ്വീകരിക്കില്ല. വന്യമൃഗങ്ങളുടെ ശല്യത്താല്‍ പ്രയാസപ്പെടുന്നവരുടെ പ്രശ്‌നം പരിഹരിക്കുവാന്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകുന്നില്ല. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളുകളില്‍ ശരിയായ നിലയില്‍ ഉച്ചക്കഞ്ഞി നല്കുവാനാവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പകുതി പിടിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നാടുമുഴുവന്‍ ബാറുകളാക്കി മദ്യപാനികളുടെ സഹായത്താല്‍ ഭരണം നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത് കാരണം നടക്കുന്നില്ല. സാധാരണ ജോലിക്കാരന്റെ ശമ്പള ഇന്‍ക്രിമെന്റുകള്‍ തടയുന്ന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നു. പി എസ് സി അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഭരിക്കുന്നവരുടെയും അവര്‍ക്ക് വേണ്ടപ്പെട്ടവരുടെയും ആഡംബര ജീവിതത്തിനായി സാധാരണക്കാരെ ക്ലേശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണം. വെള്ളപ്പൊക്ക സമയത്ത് സഭകളും സംഘടനകളും മറ്റ് പ്രസ്ഥാനങ്ങളും ലോകം മുഴുവനുമുള്ള മലയാളികളും ആത്മാര്‍ത്ഥമായി സഹായിച്ചിട്ടുണ്ട്. അതൊക്കെ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം അനുഭവിച്ചവരില്‍ എത്തിക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞോ എന്ന് ചിന്തിക്കണം. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാം. ക്രൈസ്തവ സമൂഹത്തോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയായിട്ടില്ല. അതിനാല്‍ തെറ്റ് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു










Comments