top of page

ഭക്ത മനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് വലിയ പൊങ്കാല

  • P N Shaji
  • Feb 19, 2024
  • 1 min read


ree

ന്യൂ ഡൽഹി: ഭക്ത മനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം സമാപിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ഇത്തവണ വലിയ പൊങ്കാല അരങ്ങേറിയത്. നിർമ്മാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊങ്കാലയോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.

താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് എഴുന്നെള്ളിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവകളാൽ ശ്രീചോറ്റാനിക്കരയമ്മക്ക് സ്വാഗതമാരുളി. തുടർന്ന് ഭക്തജനങ്ങൾ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നുയർന്ന ധൂമപടലങ്ങളും 'അമ്മേ നാരായണാ ദേവീ നാരായണാ' എന്ന ദേവീമന്ത്ര സ്‌തുതിയും ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തി സാന്ദ്രമാക്കി. വികാസ്‌പുരി നന്ദനം ഭജന സമിതിയിലെ കലാകാരന്മാർ ആലപിച്ച ഭജന, ഗാനാമൃതങ്ങളെന്നപോലെ ഭക്തജനങ്ങൾ ഏറ്റുപാടി.

തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ദേവിക്കു സമർപ്പിച്ചു ഭക്തർ സായൂജ്യമടഞ്ഞു. തുടർന്ന് വർഷം നീണ്ടുനിന്ന വ്രതശുദ്ധിയുടെ പുണ്യവുമായി ഭക്തർ തിരുനടയിലെത്തി ദർശനവും നടത്തി കാണിക്യയുമർപ്പിച്ചു.

തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഭക്തസഹസ്രങ്ങളുടെ മടക്കയാത്ര ആരംഭിച്ചു.

ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പിഎൻ ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു.

നജഫ്ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഭാരവാഹികളായ കെജി സുനിൽ, വികെഎസ് നായർ, സി കൃഷ്‌ണകുമാർ, അനിൽ കുമാർ, മധുസൂധനൻ, സാബു മുതുകുളം, ഇ ഡി അശോകൻ, ശോഭാ പ്രകാശ്, ലതാ മുരുകേശൻ, ശ്യാമളാ കൃഷ്‌ണകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

(Report: P N Shaji)

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page