ബോൺലെസ് ചിക്കനിൽ എല്ലുണ്ടാകാമെന്ന് അമേരിക്കൻ കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 27, 2024
- 1 min read

ബോൺലെസ് ചിക്കൻ കഴിക്കുമ്പോൾ അതിൽ ബോൺ ഉണ്ടാകാമെന്ന് കരുതിവേണം കഴിക്കാൻ. പറയുന്നത് ഹോട്ടൽ ഉടമയല്ല, അമേരിക്കൻ കോടതിയാണ്. 2016 ലെ ഒരു കേസിൽ വിധി പറയുകയായിരുന്നു കോടതി. കീഴ്‌ക്കോടതി തള്ളി കളഞ്ഞ കേസുമായാണ് പരാതിക്കാരനായ മൈക്കിൾ ബെർക്കേമർ ഒഹായോ സ്റ്റേറ്റിലെ മേൽക്കോടതിയിലെത്തിയത്.
ഭാര്യയോടൊപ്പം വിംഗ്‌സ് ഓൺ ബ്രൂക്ക്‌വുഡ് എന്ന ഹോട്ടലിൽ പോയി കഴിച്ച ബോൺലെസ് ചിക്കനാണ് മൈക്കിളിനെ കോടതി കയറ്റിയത്. ചിക്കൻ വിംഗ്‍സിലെ നേർത്തൊരു ബോൺ പീസ് തൊണ്ടയിൽ കുടുങ്ങി. വീട്ടിലെത്തിയ ഉടനെ പനിക്കാനും തുടങ്ങി. തൊണ്ടയിൽ ഇൻഫെക്ഷനായി. പിറ്റേന്ന് ആശുപത്രിയിൽ അഡ്‍മിറ്റായി. മീൻമുള്ളുപോലെ നേരിയൊരു ചിക്കൻ ബോൺ ഡോക്‌ടർ പുറത്തെടുത്തു. ആശുപത്രി വിട്ട മൈക്കിൾ ഹോട്ടൽ ഉടമക്കെതിരെ കേസ് കൊടുത്തു. ബോൺലെസ് ചിക്കനിൽ എങ്ങനെ എല്ലുവന്നു? എല്ലുണ്ടെങ്കിൽ എങ്ങനെ ബോൺലെസ് ആകും? എന്നിങ്ങനെ പോയി മൈക്കിളിന്‍റെ ചോദ്യങ്ങൾ. എല്ലുണ്ടാകാമെന്ന് മെനു കാർഡിൽ ബോൺലെസ് ചിക്കന്‍റെ അടിയിൽ ഒരു മുന്നറിയിപ്പ് വെക്കണമായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.
നാല് ജഡ്‍ജിമാർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോൺലെസ് എന്നത് അക്ഷരാർത്ഥത്തിൽ എടുക്കേണ്ട കാര്യമില്ലെന്നും അതൊരു ചിക്കൻ വിഭവത്തിന്‍റെ പേരുമാത്രമാണെന്നും, അതൊരു കുക്കിംഗ് സ്റ്റൈലെന്ന് കരുതിയാൽ മതിയെന്നും, എല്ലുണ്ടാവില്ലെന്ന ഉറപ്പ് നൽകാനാകുന്ന കാര്യമല്ലെന്നുമാണ് അതിൽ മൂന്ന് ജഡ്‌ജിമാർ നിരീക്ഷിച്ചത്. ചിക്കൻ കഴിക്കുമ്പോൾ സൂക്ഷിച്ചു കഴിക്കേണ്ടത് കഴിക്കുന്നവന്‍റെ ഉത്തരവാദിത്തമാണ്. ഹോട്ടലിനെയോ ഹോട്ടൽ ഉടമയേയോ കുറ്റപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.










Comments