ബോധവൽക്കരണം വിജയം; കന്നിവോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ വർധന
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 6, 2024
- 1 min read

ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ കന്നി വോട്ടർമാരുടെ പട്ടികയിൽ 95,000 പേർ കൂടി ഇടം പിടിച്ചെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സജീവ പങ്കാളിത്തത്തിന് ബോധവൽക്കരണം നടത്തുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആന്‍റ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ (SVEEP) നടത്തുന്ന വിവിധ പരിപാടികളുടെ ഫലമാണ് ഈ വർധനയെന്ന് പി. കൃഷ്‍ണമൂർത്തി പറഞ്ഞു.
വോട്ടർ പട്ടികയിൽ കന്നിവോട്ടർമാർ ഇപ്പോൾ 2,43,000 പേരായിട്ടുണ്ട്. അത് 2,50,000 കവിയുമെന്നാണ് പ്രതീക്ഷ. കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പാഠശാല, തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾ, വോട്ടർ ബോധവൽക്കരണ ഫോറം എന്നിവ സംഘടിപ്പിച്ചാണ് വോട്ടർ രജിസ്ട്രേഷനു വേണ്ടി യുവാക്കളെ പ്രോത്സാഹിപ്പിച്ചത്. അതിന് പുറമെ തെരുവുനാടകങ്ങൾ, ചിത്രരചന, പ്രബന്ധ മത്സരങ്ങൾ, വോട്ടർ ബോധവൽക്കരണ റാലികൾ എന്നിവയും SVEEP വ്യാപകമായി സംഘടിപ്പിച്ചു.
ഡൽഹിയിൽ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ മെയ് 25 നാണ് പോളിംഗ്.










Comments