top of page

ബോണ്ട്‌ സമ്പ്രദായം : നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് ഐ. പി. എൻ. എ - യുടെ കത്ത്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 2, 2024
  • 1 min read

ബോണ്ട്‌ സമ്പ്രദായവും, അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണവും, കൊള്ളയും തടയുന്നതിന്, രാജ്യത്തെ നഴ്സിംഗ് സ്കൂളുകളും, കോളേജുകളും കൃത്യമായ ഇടവേളകളിൽ പരിശോധനവിധേയമാക്കപ്പെടുകയും, ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രിക്കും, മറ്റ് ബന്ധപ്പെട്ടവർക്കും കത്തയച്ചു. രാജ്യത്തെ സ്വകാര്യ നഴ്സിംഗ് സ്കൂളുകളിലും, കോളേജുകളിലും ഇപ്പോഴും നിയമവിരുദ്ധമായ ബോണ്ട്‌ സമ്പ്രദായം നിലനിൽക്കുന്നുണ്ടെന്നും മാത്രമല്ല, വിദ്യാർത്ഥികളുടെ അസൽ സർട്ടിഫിക്കറ്റ് പിടിച്ച് വെച്ച്കൊണ്ടുള്ള വലിയ ചൂഷണവും, കൊള്ളയും നടക്കുന്നതായും കത്തിൽ പറയുന്നു.


സ്വകാര്യ നഴ്സിംഗ് സ്കൂളുകളും/കോളേജുകളും, വിദ്യാർത്ഥികളുടെ അസൽ സർട്ടിഫിക്കറ്റ് അവരുടെ അഡ്മിഷൻ സമയത്ത് നിർബന്ധമായി വാങ്ങി കൈവശം വയ്ക്കുന്നു. നിയമവിരുദ്ധമായ ഒരു കാര്യമാണെന്ന് അറിയാവുന്നതുകൊണ്ട് വാങ്ങി എന്നതിന് ഒരു തെളിവ് പോലും നഴ്സിംഗ് സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകാറില്ല.


പിന്നീട്, അസൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്, പലതരത്തിലുള്ള ചൂഷണങ്ങൾ സ്ഥാപനങ്ങളുടെ ഭാഗത്ത്‌ നിന്ന് വിദ്യാർത്ഥികൾക്ക് നേരിടേണ്ടതായി വരുന്നതായും പലപ്പോഴും, അവരുടെ നിസ്സഹായ അവസ്ഥയിൽ ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ അവർ പകച്ച് നിൽക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.


വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമോ എന്നുള്ള ഭയം, അവർക്ക് സഹായമാകേണ്ട നഴ്സിംഗ് കൗൺസിലുകളുടെ നിഷ്‌ക്രിയത്വം എന്നിവ പരാതിപ്പെടുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നതായും കത്തിൽ പറയുന്നു.


അസൽ സർട്ടിഫിക്കറ്റുകൾ പിടിച്ച് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്നും, അത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ കർശന നടപടികൾ എടുക്കും എന്നും സർക്കുലർ പുറപ്പെടുവിച്ച സംവിധാനങ്ങൾ, പരാതിപ്പെടുമ്പോൾ യാതൊരു നടപടികളും സ്വീകരിക്കാതെ മൗനമായിരിക്കുന്നത് സംശയാസ്പദമാണ്. ബോണ്ട്‌ സമ്പ്രദായവും അതോട് ബന്ധപ്പെട്ട് നടക്കുന്ന ചൂഷണവും, കൊള്ളയും തടയുന്നതിന് വേണ്ടി ഒരു പരാതിപരിഹാര ഓൺലൈൻ പ്ലാറ്റഫോം, നഴ്സിംഗ് കൗൺസിലുകൾക്ക് കീഴിലോ/മിനിസ്ട്രിക്ക് കീഴിലോ ഉണ്ടാകണം. അത് രജിസ്റ്റർ ചെയ്യപ്പെടുന്ന പരാതികളുടെ തൽസ്ഥിതി അറിയാൻ ഉതകുന്നതും, നിശ്ചിത സമയപരിധിക്കുള്ളിൽ വിഷയം പരിഹരിക്കുന്നതിന് പര്യാപ്തവും ആകണമെന്നും കത്തിലൂടെ ഐ. പി. എൻ. എ ആവശ്യപ്പെടുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page