ബോണ്ട് സമ്പ്രദായം : കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തെഴുതി ആന്റോ ആന്റണി എം. പി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 13
- 1 min read

രാജ്യത്തുടനീളമുള്ള സ്വകാര്യ നഴ്‌സിംഗ് സ്‌കൂളുകളിലും, കോളേജുകളിലും നിയമവിരുദ്ധമായ ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അതിന് അന്ത്യം കുറിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്, ആന്റോ ആന്റണി എം. പി കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രിക്ക് കത്ത് നൽകി. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും, പല സ്വകാര്യ സ്ഥാപനങ്ങളും പ്രവേശന സമയത്ത് വിദ്യാർത്ഥികളുടെ അസ്സൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പിടിച്ച് വയ്ക്കുന്നത് തുടരുന്നു. ഇത് നഴ്‌സിംഗ് വിദ്യാർത്ഥികളെ കടുത്ത ചൂഷണത്തിനും, സാമ്പത്തികമായി കൊള്ളയടിക്കുന്നതിനും സ്ഥാപനങ്ങൾ ഉപയോഗിക്കുന്നു.
വിദ്യാർത്ഥികൾ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്ന് ഭയന്ന് പരാതികൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും, അഥവാ, പരാതി നൽകിയാൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് വ്യക്തമായ നിഷ്‌ക്രിയത്വമുണ്ടെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നഴ്‌സിംഗ് വിദ്യാർത്ഥികളുടെ അന്തസ്സിനെയും, സുരക്ഷയെയും, ഭാവിയെയും നേരിട്ട് ബാധിക്കുന്ന ഈ നിയമവിരുദ്ധ രീതിയെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ആവശ്യമായ ചില നിർദ്ദേശങ്ങളും അദ്ദേഹം കത്തിലൂടെ കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയത്തിന് കൈമാറി. വിഷയത്തിൽ, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ ആന്റോ ആന്റണി എം. പി - ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കത്ത് നൽകിയത്.
Comments