top of page

പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡ് - പിൻകോഡിന് വിട !!!

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 6
  • 1 min read

ന്യൂ ഡൽഹി: പോസ്റ്റല്‍ വിലാസങ്ങളുടെ ആകര്‍ഷണമായിരുന്ന പിന്‍കോഡുകളുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഇതിന് ബദലായി ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. DIGIPIN ആയിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. പരമ്പരാഗത പിന്‍കോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെ ഉള്‍ക്കൊള്ളുന്നതായിരുന്നെങ്കില്‍ നിങ്ങളുടെ വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ് പിന്‍കോഡില്‍ നിന്ന് ഡിജിപിന്നിനുള്ള വ്യത്യാസങ്ങള്‍ എന്നറിയാം.


കൃത്യമായി ലൊക്കേഷന്‍ മനസിലാക്കാനുള്ള DIGIPIN സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ്. 10 അക്ക ഡിജിറ്റല്‍ കോഡാണ് ഡിജിപിന്നനുള്ളത്. വിശാലമായ ഒരു പ്രദേശം മുഴുവന്‍ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന പരമ്പരാഗത പിന്‍കോഡിന് പകരം ഡിജിപിന്‍ കിറുകൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കും. അതായത്, നിങ്ങളുടെ വീടോ സ്ഥാപനമോ എവിടെയാണെന്ന് കൃത്യമായ വിവരം ഈ ഡിജിപിന്‍ വഴി അറിയാം. ഡിജിപിന്‍ ക്രിയേറ്റ് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ വീട് കണ്ടെത്തി കോഡ് കണ്ടെത്താം. കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കാനും ആംബുലന്‍സ്, അഗ്നിശമന വിഭാഗം പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ മേന്‍മ. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള വിദൂര സ്ഥലങ്ങളില്‍ ഡിജിപിന്‍ ഗുണകരമാകും എന്നാണ് പ്രതീക്ഷ.


കത്തിടപാടുകള്‍ മാത്രമല്ല, ഇ-കൊമേഴ്സ് വെബ്സൈറ്റുകളെ സംബന്ധിച്ചും കൃത്യമായ ലൊക്കേഷനില്‍ പാഴ്സല്‍ എത്തിക്കാന്‍ ഡിജിപിന്‍ വഴി കഴിയുമെന്നാണ് അവകാശവാദം.


നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം?


https://dac.indiapost.gov.in/mydigipin/home എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റാണ് ഡിജിപിന്‍ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ 10 അക്ക ഡിജിപിന്‍ മനസിലാക്കാനാകും. നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും എന്നതാണ് ഡിജിപിന്നിനെ മറ്റ് അഡ്രസ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഐഐടി ഹൈദരാബാദും എന്‍ആര്‍എസ്‌സിയും ഇസ്രൊയുമായി സഹകരിച്ചാണ് ഇന്ത്യാ പോസ്റ്റ് ഡിജിപിന്‍ എന്ന ജിയോകോഡഡ് ഡിജിറ്റല്‍ വിലാസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിപിന്‍ ഓഫ്‌ലൈനായും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.


***********

*

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page