പ്ലാറ്റ്‍ഫോമിൽ കയറണോ, കൺഫേംഡ് ടിക്കറ്റ് നിർബന്ധം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 9
- 1 min read

റയിൽവെ ടിക്കറ്റ് കൺഫേംഡ് ആണെങ്കിൽ മാത്രമാണ് പ്ലാറ്റ്‍ഫോമിലേക്ക് കയറാൻ അനുവദിക്കുക. രാജ്യത്തെ പ്രധാനപ്പെട്ട 60 സ്റ്റേഷനുകളിൽ ഉടൻ ഈ നിയന്ത്രണം വരും. ന്യൂഡൽഹി, ബാംഗ്ലൂർ, ചെന്നൈ റയിൽവെ സ്റ്റേഷനുകൾ അവയിൽ ഉൾപ്പെടും. മേജർ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് ഈ നീക്കം. അവധി ദിവസങ്ങളിലും, ഉത്സവ സീസണിലും തിരക്ക് അനുഭവപ്പെടുന്ന കൂടുതൽ സ്റ്റേഷനുകളിലും താമസിയാതെ നിയന്ത്രണം ഉണ്ടാകും. ഈ സ്റ്റേഷനുകൾക്ക് വെളിയിൽ വെയ്റ്റിംഗ് ഏരിയ നിർമ്മിക്കും. കൺഫേംഡ് ടിക്കറ്റ് ഉള്ളവരെ മാത്രം അകത്തേക്ക് കയറ്റി വിടും. അതും അവരുടെ ട്രെയിൻ എത്തുന്ന സമയം നോക്കിയാണ് അകത്തേക്ക് കയറ്റി വിടുക. ട്രെയിൻ ലേറ്റാണെങ്കിൽ അനൗൺസ്‍മെന്‍റ് അനുസരിച്ചാണ് കയറ്റി വിടുക. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെയും, യാത്രക്കാരുടെ ഒപ്പം വരുന്നവരെയും പ്ലാറ്റ്‍ഫോമിലേക്ക് കയറാൻ അനുവദിക്കില്ല. പല സ്റ്റേഷനുകളിലും യാത്രക്കാരെക്കാൾ കൂടുതൽ പേരാണ് യാത്ര അയക്കാനും, സ്വീകരിക്കാനുമായി എത്തുന്നത്.
റയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്‍ണവ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തത്. ക്രൗഡ് മാനേജ്‍മെന്‍റിന് ഫലപ്രദമായ നടപടികൾ വേണമെന്ന കാര്യത്തിൽ അവർ യോജിപ്പിലെത്തി.
പ്ലാറ്റ്‍ഫോമിലെ അമിതമായ തിരക്ക് മൂലം ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ ഇയ്യിടെയാണ് 18 പേർക്ക് ദാരുണാന്ത്യം ഉണ്ടായത്.










Comments