top of page

പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎ ദിനാഘോഷങ്ങൾ സമാപിച്ചു

  • P N Shaji
  • Apr 18
  • 1 min read

ന്യൂ ഡൽഹി: പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎയുടെ 76-ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ആർ കെ പുരം സെക്ടർ 8-ലെ കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ആർ കെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കീർത്തനാ രാജീവ് പ്രാർത്ഥനാ ഗീതം ആലപിച്ചു. വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ ചൊല്ലിയ 'ലഹരിക്കെതിരെ ഞാനും നിങ്ങളോടൊപ്പം' എന്ന പ്രതിജ്ഞയോടെ ചടങ്ങുകൾ ആരംഭിച്ചു. വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ഏവൺ കോട്ടിങ്സ് മാനേജിംഗ് ഡയറക്ടർ ജെയ്‌സൺ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി എൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ജെഎൻയു വിദ്യാർത്ഥിനി നിരഞ്ജന കിഷനായിരുന്നു അവതാരക.


ചടങ്ങിൽ ഈ വർഷത്തെ 'ഡിഎംഎ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്', അന്തരിച്ച മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയുമായിരുന്ന സി എൽ ആന്റണിക്ക് മരണാനന്തര ബഹുമതിയായും, 'ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരം' ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ രമേഷ് നമ്പ്യാർക്കും, 'ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരം' മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ സി ചന്ദ്രനും, മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയായ എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും 'ഡിഎംഎ കലാഭാരതി പുരസ്‌കാരം' പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ നിഷാ റാണിക്കും സമ്മാനിച്ചു.


കൂടാതെ മലയാളി സമൂഹത്തിനു നൽകിയ സമഗ്ര സേവനത്തിന്, ഡൽഹി പോലീസ് ഇൻസ്‌പെക്ടർ പവിത്രൻ കൊയിലാണ്ടി, ആരോഗ്യ മേഖലയിലെ നിസ്വാർത്ഥ സേവനത്തിന് ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഓഫീസർ, സിനു ജോൺ കറ്റാനം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഡിഎംഎ ത്രൈമാസികയുടെ 10-ാമത് ലക്കം ഡിഎംഎ ദിന വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും അഡ്വ ദീപാ ജോസഫ് രചിച്ച 'ദ ഡിവൈൻ ഗ്രിറ്റ്' എന്ന ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി.


ഡൽഹി മലയാളി അസോസിയേഷന്റെ തീം സോങ് വേദിയിൽ വീഡിയോയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. തുടർന്ന് രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. ഡിഎംഎയുടെ ദിൽശാദ് കോളനി ഏരിയ ഭരതനാട്യവും, ദ്വാരക ഏരിയ മാർഗം കളിയും, കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയ സിനിമാറ്റിക് ഫ്യൂഷനും, വികാസ് പുരി - ഹസ്താൽ ഏരിയ ഒപ്പനയും, അംബദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയ നാടോടി നൃത്തവും, ആർ കെ പുരം ഏരിയ സെമി ക്ലാസിക്കൽ ഡാൻസും, മെഹ്‌റോളി ഏരിയ സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചപ്പോൾ അവ പ്രേക്ഷക ഹൃദയങ്ങളിൽ കേരളീയ നടനത്തിന്റെ നവ്യാനുഭൂതി പകർന്നു.


തുടർന്ന് കലാഭവൻ പ്രജിത് നയിച്ച രംഗവേദിയുടെ 'തുടി താളമേളം' ആഘോഷരാവ് അവിസ്മരണീയമാക്കി. വിഷു സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page