നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിങ് സിസ്റ്റം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 2
- 1 min read

നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിങ് സിസ്റ്റം (എൻ.ആർ.ടി.എസ്) കാര്യക്ഷമമാക്കി, നഴ്സിംഗ് കൗൺസിൽ സംബന്ധമായ പ്രക്രിയകൾ സുഗമമാക്കാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അടിയന്തര നടപടി സ്വീകരിക്കണം :- ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ (ഐ.പി.എൻ.എ)
നഴ്സിംഗ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ അതിന്റെ പുതുക്കൽ, എൻ.ഓ.സി, റെസിപ്രോക്കൽ രജിസ്ട്രേഷൻ തുടങ്ങി നഴ്സിംഗ് കൗൺസിലുകളുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ ഇന്ത്യൻ നഴ്സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ
പരിഹരിക്കാൻ, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ തന്നെ ആവിഷ്കരിച്ച എൻ.ആർ.ടി.എസ് ഓൺലൈൻ വെബ് പോർട്ടൽ കാര്യക്ഷമമാക്കണമെന്നും, അത് വഴി നഴ്സിംഗ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാം പ്രക്രിയകളും സുഗമമാക്കണമെന്നും ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സെക്രട്ടറി - ക്ക് ഐ.പി.എൻ.എ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
" ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ, സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന, യോഗ്യതയുള്ള നഴ്സുമാർ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് ആ സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിയമം അനുസരിച്ച്, ഒരു നഴ്സിന് ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേ സമയം രജിസ്റ്റർ ചെയ്യാൻ കഴിയില്ല, അതുവഴി ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാനുള്ള നഴ്സുമാരുടെ അവകാശങ്ങൾ പരിമിതപ്പെടുകയാണ്. രണ്ടാമതായി, വേറൊരു സംസ്ഥാനത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു നഴ്സ് അവരുടെ നിലവിലുള്ള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുകയും, പ്രസ്തുത സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ നിന്ന് ലഭിക്കുന്ന എൻ.ഓ.സി സർട്ടിഫിക്കറ്റ് പുതിയ സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ സമർപ്പിക്കുകയും വേണം. ഈ വിഷയത്തിൽ നേരിടുന്ന സങ്കീർണമായ ബുദ്ധിമുട്ടുകളും, കാലതാമസവും ഇന്ത്യൻ നഴ്സുമാരെ വലയ്ക്കുന്നു."
" അതേപോലെ, രാജ്യത്തെ പല നഴ്സിംഗ് കൗൺസിൽ പ്രക്രിയകളും പൂർത്തിയാക്കാൻ ഏജൻസികളെയും ഇടനിലക്കാരെയും ആശ്രയിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. ഇത്തരം ആളുകൾ നഴ്സുമാരെ സാമ്പത്തികമായി കൊള്ളയടിക്കുന്നു. വിഷയത്തിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്. നഴ്സിംഗ് കൗൺസിലുകളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഓൺലൈനായി അപേക്ഷിക്കാനും, പ്രസ്തുത അപേക്ഷ സമയബന്ധിതമായി പരിഹരിക്കാനും എല്ലാ നഴ്സിംഗ് കൗൺസിലുകളും ഓൺലൈൻ സംവിധാനം നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ഐ എൻ സി തയ്യാറാകണം. മാത്രമല്ല, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ആവിഷ്കരിച്ച നഴ്സസ് രജിസ്ട്രേഷൻ & ട്രാക്കിംഗ് സിസ്റ്റം (NRTS) കാര്യക്ഷമമാക്കുന്നതിലൂടെ, നഴ്സുമാർ നിലവിൽ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സാധിക്കും". ഐ. പി. എൻ. എ കത്തിൽ പറയുന്നു.










Comments